തിരുവനന്തപുരം : ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടെന്നു പറയുന്ന പ്രതിപക്ഷം അത് പരസ്യമായി പറയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കാൻ സർക്കാരിനു ബാദ്ധ്യതയുണ്ട്. കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയപാർട്ടിയും വിധി നടപ്പിലാക്കരുതെന്ന് പറയുന്നില്ല. തന്ത്രികുടുംബവും രാജകുടുംബവും ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമാണെന്നും കാനം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിധിയെക്കുറിച്ച് ചർച്ചചെയ്യാൻ സർവകക്ഷിയോഗം വേണമെന്ന ആവശ്യത്തിന് പ്രസക്തിയില്ല. വേണമെങ്കിൽ ക്രമസമാധാനം സംബന്ധിച്ച കാര്യങ്ങൾ കൂട്ടായി ആലോചിക്കാം. കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നവരുടെ താത്പര്യം എന്താണെന്ന് ജനങ്ങൾക്ക് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.