കുളത്തൂർ: ആക്കുളം ബൈപാസിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൺവിള റേഡിയോ സ്റ്റേഷൻ സി.ആർ.പി നഗർ ഹൗസ് നമ്പർ 39ൽ സിസി മാത്യുവിനെ (49) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകയാണ് സിസി മാത്യു. കോടതിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. ബൈപാസിൽ എം.ജി.എം സ്‌കൂളിനു സമീപത്ത് ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം. ചാക്കയിൽ നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് വന്ന വാഗണർ കാറും കഴക്കൂട്ടം ഭാഗത്തുനിന്നു ചാക്ക ഭാഗത്തേക്ക് പോവുകയായിരുന്ന വീട്ടമ്മ സഞ്ചരിച്ച ആക്ടിവ സ്‌കൂട്ടറും യുവാക്കൾ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അമിതവേഗതയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്കിന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം തെറ്റിയ കാർ ആക്ടിവ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ച് കാറിന്റെ ബോണറ്റിലും സമീപത്തെ ഓടയുടെ കോൺക്രീറ്റ് ഭിത്തിയിലും ഇടിച്ചാണ് വീട്ടമ്മയ്‌ക്ക് പരിക്കേറ്റത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സിസി മാത്യുവിനെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബൈക്കിലെത്തിയ യുവാക്കളും ആശുപത്രിയിൽ ചികിത്സ തേടി. ഈ ഭാഗത്ത് ബൈപ്പാസിന്റെ പണികളും പാറപൊട്ടിക്കലും നടക്കുന്നതിനാൽ വൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ട്രാഫിക് പൊലീസ് കേസെടുത്തു.