atl23oa

ആറ്റിങ്ങൽ: മാമം പാലത്തിന് സമീപം ബസ് വേ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആറ്റിങ്ങൽ ഭാഗത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള യാത്രാവാഹനങ്ങൾ ദേശീയപാതയിൽ മാമം പാലത്തിനു സമീപം റോഡിന്റെ മധ്യഭാഗത്ത് നിറുത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമാകുന്നു. റോഡിന്റെ വശങ്ങൾ വീതി കുറവായ ഇവിടെ പഴയ പാതയിലേക്ക് ചരിഞ്ഞ ഭാഗം വലിയ കുഴിയാണ്. ഇതും അപകട സാദ്ധ്യത ഉയർത്തുന്നു.കിഴുവിലം പഞ്ചായത്തിലെ വിവിധ മേഖലകളിലെയും ആറ്റിങ്ങൽ നഗരസഭയിലെ ചിറ്റാറ്റിൻകര, വലിയകുന്ന് പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ ഉൾപ്പെടെ വലിയ ജനവിഭാഗം ദേശീയപാത വഴിയുള്ള യാത്രയ്ക്ക് ആശ്രയിക്കുന്നത് മാമം പാലം ബസ് സ്റ്റോപ്പാണ്. ഇവിടെ ബസ് വേ നിർമ്മിച്ച് പ്രശ്നം പരിഹരിക്കുമെന്ന് ദേശീയപാത അധിക‌ൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. കഴിഞ്ഞ വർഷം ശക്തമായ പ്രതിഷേധമുയർന്നപ്പോൾ നടന്ന അളവെടുപ്പും എസ്റ്റിമേറ്റ് തയാറാക്കലും പ്രഹസനമായി മാറി. പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധസമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.