കാട്ടാക്കട: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണ്ണം കവർന്നു. പൂവച്ചൽ പുന്നാംകരിക്കകം മാധവ വിലാസം വീട്ടിൽ മോഹന കുമാറിന്റെ വീടാണ് കുത്തിത്തുറന്നത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ ആളില്ലായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് വീട് തുറന്നുകിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന വള, മാല, കമ്മൽ, മോതിരം തുടങ്ങി 12 പവനോളം സാധനങ്ങൾ നഷ്ടമായി. വീടിലെ മറ്റ് മുറികളിലും കയറി സാധന സാമഗ്രികൾ വലിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് കാട്ടാക്കട പൊലീസിൽ പരാതി നൽകി. വീട്ടിൽ ആളില്ലാതിരുന്നതിനാൽ മറ്റ് ആഭരണങ്ങൾ ലോക്കറിലേക്ക് മാറ്റിയിരുന്നു. കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ വിജയരാഘവൻ, സബ് ഇൻസ്പെക്ടർ സജി എന്നിവരിടെ നേതൃത്വത്തിൽ സ്ഥലത്തെത്തി തെളിവെടുത്തു. ഫിങ്കർ പ്രിന്റ് വിദഗ്ദ്ധരും ഡോഗ്സ്ക്വാർഡും സ്ഥലത്ത് പരിശോധന നടത്തി.