photo

ബാലരാമപുരം: ബാലരാമപുരം-പള്ളിച്ചൽ-വിളവൂർക്കൽ കുടിവെള്ള പദ്ധതിയുടെ വണിഗർ തെരുവിലെ കുടിവെള്ള ടാങ്കിന്റെ ഉദ്ഘാടനം വീണ്ടും അനിശ്ചിതത്വത്തിലേക്ക്. ടാങ്ക് പൂർത്തിയായെങ്കിലും ദേശീയപാത അതോറിട്ടിയിൽ നിന്നും റെയിൽവേയിൽ നിന്നും അനുമതി ലഭിക്കാത്തതിനാൽ പൈപ്പ് ലൈൻ കണക്ട് ചെയ്യുന്നതിന്റെ ജോലികൾ തടസപ്പെട്ടു. ബാലരാമപുരം പഞ്ചായത്തിലെ 20 വാർഡിലും പൈപ്പ്ലൈൻ സ്ഥാപിക്കൽ പൂർത്തിയായി.എന്നാൽ ചില പ്രദേശങ്ങളിൽ പൈപ്പ് കണക്ട് ചെയ്യുന്നതിന് റെയിൽവെയും ദേശീയപാത അധികൃതരും തടസം നിൽക്കുകയാണ്. ബാലരാമപുരം ജംഗ്ഷനിൽ ദേശീയപാത മറികടന്ന് പൈപ്പ് കണക്ട് ചെയ്യണമെങ്കിൽ ഹൈവേ ഉദ്യോഗസ്ഥരുടെ അനുമതി വേണം.റെയിൽവേ കടന്നുപോകുന്ന തലയൽ മഹാദേവപുരം,​ മുക്കംപാലമൂട് ഭാഗങ്ങളിൽ പൈപ്പ്ലൈൻ കണക്ട് ചെയ്യുന്നതിനാണ് റെയിൽവേ അനുമതി നിഷേധിച്ചിരിക്കുന്നത്.മുക്കംപാലമൂട് റെയിൽവെ ടണലിന് മുകളിൽ വെട്ടിക്കുഴിക്കുന്നത് റെയിൽവെ ഫുട്ട്ഓവറിന് ബലക്ഷയം വരുമെന്നാണ് അധികൃതരുടെ വിശദീകരണം. മഹാദേവപുരം റെയിൽവെ ട്രാക്ക് മറികടന്ന് തേമ്പാമുട്ടം ഭാഗത്ത് പൈപ്പ് ലൈൻ കണക്ട് ചെയ്യുന്നതിനും റെയിൽവേയുടെ എതിർപ്പുണ്ട്. അതിനാൽ തയ്ക്കാപ്പള്ളിക്ക് സമീപം 500 മീറ്റർ ഭാഗത്ത് പൈപ്പ്ലൈൻ സ്ഥാപിച്ചിട്ടില്ല. മഹാദേവപുരം റെയിൽവെ ട്രാക്ക് മറികടന്ന് തേമ്പാമുട്ടം ഭാഗത്ത് പൈപ്പ് ലൈൻ കണക്ട് ചെയ്യുന്ന ജോലികളും തടസപ്പെട്ടിരിക്കുകയാണ്.