തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഡയറക്ടർ ജോർജ്ജ്. ജി തരകനെ സ്ഥാനക്കയറ്റത്തോടെ കൊൽക്കത്തയിൽ ഇസ്റ്റേൺ റീജിയൺ എയർപോർട്ടുകളുടെ റീജിയണൽ എൻജിനിയറിംഗ് മേധാവിയായി നിയമിച്ചു. 29ന് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചുമതലയൊഴിയും. ആൻഡമാനിലെ പോർട്ട്ബ്ലെയർ വീർസവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജോയിന്റ് ജനറൽമാനേജറായിരിക്കെ 2015ലാണ് തരകനെ എയർപോർട്ട് ഡയറക്ടറാക്കിയത്. മൂന്നുമാസം കൊണ്ട് ചെറിയവിമാനത്താവളങ്ങളുടെ റാങ്കിംഗിൽ തിരുവനന്തപുരം ഒന്നാമതെത്തി.
കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദവും കേരളസർവകലാശാലയിൽ നിന്ന് എം.ബി.എയും നേടിയ തരകൻ 1989ലാണ് വിമാനത്താവള അതോറിട്ടിയിൽ ചേർന്നത്. അഡ്‌മിനിസ്ട്രേഷൻ, ഓപ്പറേഷൻ, കൺസ്ട്രക്ഷൻ, മെയിന്റനൻസ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിച്ചു. ഗോവയിൽ പുതിയ ടെർമിനൽ നിർമ്മാണത്തിന് ചുക്കാൻപിടിച്ചു. ബറോഡ, കൊൽക്കത്ത, കോഴിക്കോട്, ഉദയ്‌പൂർ, ജമ്മു, ചെന്നൈ, ബാംഗ്ളൂർ, പോർട്ട്ബ്ലെയർ വിമാനത്താവളങ്ങളുടെ ഡയറക്ടറായിരുന്നു. പത്തനംതിട്ട ആറന്മുള കിടങ്ങന്നൂർ സ്വദേശിയാണ്.