കാട്ടാക്കട: ജലസ്രോതസുകൾ മലിനമാക്കുന്നത് മാരക രോഗങ്ങൾക്ക് കാരണമാകുന്നുവെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ ഡോ.കെ.വാസുകി പറഞ്ഞു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നീർത്തട സംരക്ഷണ യാത്രയിൽ സംസാരിക്കുകയായിരുന്നു കളക്ടർ.മൈലാടിയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിതയുടെ അദ്ധ്യക്ഷതയിൽ ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.തോടിന്റെ നിലവിലെ സ്ഥിതി നേരിട്ടുകണ്ട് മനസിലാക്കാൻ ആരംഭിച്ച നീർത്തട സംരക്ഷണയാത്രയിൽ പഞ്ചായത്ത് മെമ്പർമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, സ്കൂൾ വിദ്യാർത്ഥികൾ, എൻ.എസ്.എസ്-എസ്.പി.സി കേഡറ്റുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ,നാട്ടുകാർ എന്നിവർ പങ്കെടുത്തു. തോടിന്റെ ഉത്ഭവസ്ഥാനത്തുള്ള മൈലാടി കുളത്തിൽ നിന്നും കാട്ടാക്കട പഞ്ചായത്തിലെ 11 വാർഡുകളിലൂടെ 10 കിലോമീറ്റർ പിന്നിട്ട് കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയായ തൊട്ടരുവിയിൽ സമാപിച്ചു. ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ് ബിജു, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ റോയ് മാത്യു, ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനിയർ ഉദയകുമാർ, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.