പാറശാല : ദേശീയപാതയിൽ കളിയിക്കാവിള മുതൽ നെയ്യാറ്റിൻകരവരെയുള്ള റോഡിന്റെ വിവിധ ഭാഗങ്ങളിൽ കുഴികൾ നിറഞ്ഞ് അപകടങ്ങൾ പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. റോഡിന്റെ അങ്ങിങ്ങായി രൂപപ്പെട്ട കുഴികൾ കാരണം വലയുന്നത് ഇരുചക്ര വാഹനയാത്രികരാണ്. മെറ്റലുകൾ ഇളകിയ നിലയിലായതിനാൽ കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാണ്. ഇരുചക്ര വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇളകിക്കിടക്കുന്ന മെറ്റലുകൾ കാൽനട യാത്രക്കാരുടെ ദേഹത്ത് തെറിച്ച് നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ടാറിംഗിലെ അപാകതയാണ് ഉപരിതലത്തിലെ മെറ്റലുകൾ ഇളകാൻ കാരണം. നിലവാരമില്ലാത്ത മിശ്രിതം ഉപയോഗിച്ചതാണ് മെയിന്റനൻസ് നടത്തിയ പല സ്ഥലങ്ങളിലും ടാർ ഇളകാൻ കാരണമായി നാട്ടുകാർ പറയുന്നത്. ദേശീയപാത അറ്റകുറ്റപണികൾ നടത്തി സംരക്ഷിക്കേണ്ട അധികൃതർ കാട്ടുന്ന ഈ നിസംഗതയിൽ ആശങ്കാകുലരാണ് നാട്ടുകാരും യാത്രക്കാരും.