വർക്കല: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് ഒരു നിർദ്ധന കുടുംബം. പാളയംകുന്ന് കോവൂർ ശങ്കരവിലാസത്തിൽ ഉഷയാണ് (53) ചികിത്സയ്ക്കായി കനിവു തേടുന്നത്. ഉഷയുടെ ഭർത്താവ് വിജയമോഹനൻപിള്ള ഡ്രൈവറാണ്. ഇവർക്ക് മക്കളില്ല. ആറു സെന്റ് വസ്തുവും പണിതീരാത്ത ചെറിയൊരു കൂരയുമാണ് കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം. അച്ഛൻ വാമദേവക്കുറുപ്പിന് വൃക്കരോഗമാണ്. അമ്മയ്ക്ക് സന്ധിവാതം കാരണം നടക്കാനും കഴിയില്ല. ഈ അവസ്ഥയിലാണ് ഉഷയ്ക്ക് കരൾരോഗം മൂർച്ഛിച്ചതായി അറിയുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾ നടത്തിയതിന് ഒന്നരലക്ഷം രൂപ ചെലവായി. നന്മവറ്റാത്ത നാട്ടുകാരിൽ ചിലരുടെ സഹായം കൊണ്ടാണ് പരിശോധന നടത്താൻ കഴിഞ്ഞത്. എത്രയുംവേഗം കരൾ മാറ്റിവയ്ക്കണമെന്നാണ് വിദഗ്ദ്ധ ഡോക്ടർമാരുടെ ഉപദേശം. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും മറ്റുമായി 20 ലക്ഷത്തോളം രൂപ വേണം. ഇത്രയും ഭീമമായൊരു തുക കണ്ടെത്താൻ ഇവരുടെ മുമ്പിൽ മറ്റു മാർഗങ്ങളൊന്നുമില്ല. സുമനസുകളുടെ കനിവു മാത്രമാണ് ഇവരുടെ ഏക പ്രതീക്ഷ. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വർക്കല ശാഖയിലാണ് ഉഷയുടെ അക്കൗണ്ട്. നമ്പർ: 0139053000109245, IFSC: SIBL 0000139. ഉഷയുടെ ഫോൺ: 8086316373