arun

കോവളം: സർക്കാരിന്റെ അജണ്ട നടപ്പാക്കാൻ വേണ്ടി ശബരിമലയിൽ കലാപം സൃഷ്ടിച്ചത് എെ.ജി. മനോജ് എബ്രഹാമാണെന്ന ചില ഹൈന്ദവ സംഘടനകളുടെ ആരോപണത്തെത്തുടർന്ന് എെ.ജി യെ വ്യക്തിഹത്യ നടത്തുന്ന ചിത്രവും പോസ്റ്റും ഫേസ്ബുക്കിൽ പ്രചരിപ്പിച്ച യുവാവിനെ കോവളം പൊലീസ് അറസ്റ്റു ചെയ്തു. കോവളം കമുകിൻകുഴി റോഡ് പുളിശിലാംമൂട് വീട്ടിൽ അരുൺ (32) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 19 നാണ് ഫേസ് ബുക്കിലൂടെ മനോജ് എബ്രഹാമിന്റെ ചിത്രത്തൊടൊപ്പം ഈ പരനാറിയെ എന്നെങ്കിലും കിട്ടും.. കുളിപ്പിച്ച് കിടത്തണം എന്ന പോസ്റ്റ് പ്രചരിപ്പിച്ചത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തേയും ഇതുപോലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിനെത്തുടർന്ന് എെ.ജി. മനോജ് എബ്രഹാം അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടുകൂടിയാണ് പോസ്റ്റിട്ട ആളെ കണ്ടെത്താൻ കഴിഞ്ഞത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കോവളം ജംഗ്ഷനിലെ ഒരു സ്വകാര്യ ഹോട്ടലിൽ തൊഴിലാളിയായിരുന്ന ഇയാൾ വെങ്ങാനൂരിലെ ചാവടിനടയിൽ കുടുംബത്തോടെ താമസിച്ച് വരികയാണ്. കോവളം പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്നലെ രാവിലെ 11 ഓടെ പിടികൂടിയത്. ഇപ്പോൾ താമസം വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ പരിധിയിലായതുകൊണ്ട് കൂടുതൽ അന്വേഷണത്തിനായി വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ കോവളം പൊലീസ് സ്റ്റേഷനിലും വൈകിട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലും ഹൈന്ദവ സംഘടനകളിലെ പ്രവർത്തകർ പ്രതിഷേധവുമായെത്തി. അന്വേഷണം പൂർത്തിയാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഫോർട്ട് എ.സി.പി. ദിനിൽ പറഞ്ഞു.