തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഭക്തജനങ്ങളെ അടിച്ചമർത്താനുള്ള നീക്കം വിഫലമായതോടെ അനാവശ്യ പോരാട്ടത്തിലേക്ക് എടുത്തുചാടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് പരാജിതന്റെ പരിദേവനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാരും സി.പി.എമ്മും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് സുപ്രീംകോടതി വിധിയുടെ മറവിൽ അവിടെ അവിശ്വാസികളായ സ്ത്രീകളെ കൊണ്ടുവന്നതും ഭക്തജനങ്ങളെ പൊലീസിനെക്കൊണ്ട് തല്ലിച്ചതച്ചതും. കലാപത്തിന് ബി.ജെ.പി കോപ്പുകൂട്ടിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ല. അവിടെ നടന്ന ഒരക്രമത്തിലും ബി.ജെ.പി നേതൃത്വത്തിന് പങ്കില്ല. നിരോധനാജ്ഞ ലംഘിക്കുക മാത്രമാണ് ചെയ്തത്. ധൈര്യമുണ്ടെങ്കിൽ സർക്കാർ ജുഡിഷ്യൽ അന്വേഷണം നടത്തട്ടെ. അവിശ്വാസികളെ തടഞ്ഞത് ആർ.എസ്.എസുകാരാണെങ്കിൽ അവരെ അഭിനന്ദിക്കുന്നു. ശ്രീരാമസേന, ഹനുമാൻ സേന തുടങ്ങിയ സംഘടനകളുടെ ചെയ്തികളും സംഘപരിവാറിന്റെ തലയിൽ വച്ചുകെട്ടുന്നു. അവിശ്വാസികളായ യുവതികളെ തടഞ്ഞത് ഭക്തജനങ്ങളാണ്. വിശ്വാസി കുടുംബത്തിലെ ഒരു യുവതി പോലും ശബരിമല ദർശനത്തിനെത്തിയില്ല. സ്ത്രീകളെ സംഘടിപ്പിക്കാനുള്ള സി.പി.എം ശ്രമവും പൊളിഞ്ഞു. സന്നിധാനത്ത് നാമജപം നടത്തി പ്രതിഷേധിച്ച പരികർമ്മികളുടെ കൂട്ടത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഉണ്ടായിരുന്നു. ഐ.ജി പോലും അയ്യപ്പന് മുന്നിൽ കണ്ണീർ തൂകി.
മുഖ്യമന്ത്രിക്ക്
സമനില തെറ്റിയോ?
ശബരിമല തന്ത്രിയെപ്പോലും അപമാനിക്കുന്ന മുഖ്യമന്ത്രിയുടെ സമനില തെറ്റിയോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. സർക്കാരിന്റെ ഒരു പൈസയും ശമ്പളം പറ്റുന്നയാളല്ല തന്ത്രി. പിടിവാശി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. പാളയത്തിൽ പടയിൽ നിന്ന് രക്ഷപ്പെടാൻ സി.പി.എം നെട്ടോട്ടമോടുന്നു. എ.കെ.ജിയും നായനാരും മുതൽ പിണറായി വരെ കഴിഞ്ഞ 50 വർഷം ശ്രമിച്ചിട്ടും ശബരിമലയെ തകർക്കാൻ കഴിഞ്ഞില്ല. ശബരിമലയുടെയും കേരള നവോത്ഥാനത്തിന്റെയും പിതൃത്വം സി.പി.എം ഏറ്റെടുക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സർക്കാരിന്റേത് വിനാശകാലേ വിപരീത ബുദ്ധിയാണ്. കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായിയെന്നും ശ്രീധരൻ പിള്ള പറഞ്ഞു.