മാഞ്ചസ്റ്റർ : കുറച്ചുനാളായി തന്നെ അലട്ടുന്ന ലൈംഗിക പീഡന ആരോപണത്തെപ്പറ്റി ഒടുവിൽ യുവന്റസ് താരം ക്രിസ്ത്യാനോ റൊണാൾഡോ പത്രലേഖകർക്ക് മുന്നിൽ മനസു തുറന്നു. തന്റെ മുൻക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തിലാണ് ക്രിസ്റ്റ്യാനോ മനസ് തുറന്നത്. കളിക്കളത്തിലും പുറത്തും തന്റെ പെരുമാറ്റം മാതൃകാപരമാണെന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്. ക്രിസ്റ്റ്യാനോയുടെ വാക്കുകളിലൂടെ
''ഞാൻ എല്ലായ്പ്പോഴും ചിരിക്കുന്ന സന്തോഷവാനായ മനുഷ്യനാണ്. മികച്ച ഒരു ക്ളബിൽ കളിക്കാൻ കഴിയുന്ന ഞാൻ അനുഗ്രഹീതനാണ്. എനിക്ക് സംതൃപ്തമായ ഒരു കുടുംബവും നാല് കുട്ടികളുമുണ്ട്. മറ്റ് കാര്യങ്ങളൊന്നും എന്നെ അലട്ടാറില്ല. ഞാൻ സന്തോഷവാൻ തന്നെയാണ്.
ഞാൻ കള്ളം പറയാറില്ല. ഈ കേസിൽ ഞാൻ ജയിക്കുമെന്ന് എന്റെ അഭിഭാഷകർക്ക് ഉറച്ച വിശ്വാസമുണ്ട്, എനിക്കും. ഞാൻ ഫുട്ബാളും എന്റെ ജീവിതവും ആസ്വദിക്കുന്നു. മറ്റ് കാര്യങ്ങൾ നോക്കാൻ എനിക്ക് ആളുകളുണ്ട്.
എന്നായാലും സത്യം പുറത്തുവരും എന്ന് ഉറച്ചവിശ്വാസമുണ്ട്. അതാണ് എന്റെ ആത്മവിശ്വാസവും.
- ക്രിസ്റ്റ്യാനോ റൊണാൾഡോ