തിരുവനന്തപുരം: ലൈംഗികപീഡനം നടത്തിയെന്ന സരിത എസ് നായരുടെ പരാതിയിൽ ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാൽ എം.പിക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസ് ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് അവലോകനം ചെയ്യും. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എം.എസ്.പി കമൻഡാന്റ് യു.അബ്ദുൾകരിമിന്റെ നേതൃത്വത്തിലാണ് യോഗം. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഷാനവാസിന് പുറമെ വിജിലൻസ് ഡിവൈ.എസ്.പി ഇ. എസ് ബിജുമോൻ, ഇൻസ്‌പെക്ടർമാരായ സന്തോഷ്‌കുമാർ, ശ്രീകാന്ത് എന്നിവരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. ഡിവൈ.എസ്.പി ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാം കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിട്ടുണ്ട്.
2012ലെ ഹർത്താൽ ദിനത്തിൽ ക്ലിഫ്ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് സരിതയുടെ പരാതി. മുൻ ടൂറിസം മന്ത്രി എ.പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ വച്ച് ലൈംഗിക പീഡനം നടത്തിയെന്നാണ് വേണുഗോപാലിനെതിരായ എഫ്.ഐ.ആർ. ഉമ്മൻചാണ്ടിക്കെതിരെ ഐ.പി.സി 377, പണം കൈപറ്റിയതിന് ഐ.പി.സി 420, കെ. സി വേണഗോപാലിനെതിരെ ബലാത്സംഗത്തിന് ഐ.പി.സി 376, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354, ഫോണിലൂടെ ശല്യംചെയ്തതിന് കേരള പൊലീസ് ആക്ട് 120 ഒ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇരയുടെ രഹസ്യമൊഴി നിർബന്ധമായതിനാൽ അതിന് കോടതിയിൽ അപേക്ഷ നൽകും. ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും എതിരായ പരാതികൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റും.