india-windies-oneday

വിശാഖപട്ടണം : ആദ്യ മത്സരത്തിലെ ഗംഭീര വിജയത്തിന്റെ തുടർച്ചയ്ക്കായി ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ഏകദിനത്തിനിറങ്ങുന്നു. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് 1.30 നാണ് മത്സരം തുടങ്ങുന്നത്. നേരത്തേ ഇൻഡോറിൽ നിശ്ചയിച്ചിരുന്ന മത്സരം കോംപ്ളിമെന്ററി പാസിന്റെ പ്രശ്നത്തിൽ കുരുങ്ങിയതിനാലാണ് വിശാഖ പട്ടണത്തേക്ക് മാറ്റിയത്.

ഗോഹട്ടിയിൽ നടന്ന ആദ്യ ഏകദിനത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയം ആഘോഷിച്ചിരുന്നത്. അതിനുമുമ്പ് നടന്ന ടെസ്റ്റ് പരമ്പരയിലും ഇന്ത്യ സമ്പൂർണ വിജയം സ്വന്തമാക്കിയിരുന്നു. ഗോഹട്ടിയിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 322/8 എന്ന സ്കോർ 42.1 ഓവറിലാണ് ഇന്ത്യ ചേസ് ചെയ്തത്. ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെയും (140 ) രോഹിത് ശർമ്മയുടെയും (152) സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം നൽകിയത്.

ദുർബലമായ വിൻഡീസ് ബൗളിംഗ് നിരയിൽ നിന്ന് ഇന്നും കാര്യമായ വെല്ലുവിളി ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. സ്വന്തം മണ്ണിൽ എന്നും മികവുകാട്ടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ മാർക്ക് ആസ്ട്രേലിയൻ പര്യടനത്തിനുമുമ്പ് മികച്ച പരിശീലനം നൽകുകയാണ് വിൻഡീസ് ഇതുവരെയുള്ള മത്സരങ്ങളിൽ ചെയ്തിരുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ മധ്യനിരയ്ക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. അടുത്തവർഷം ഇംഗ്ളണ്ടിൽ നടക്കുന്ന ലോകകപ്പ് മുന്നിൽക്കണ്ട് ധോണിയടക്കമുള്ള മധ്യനിര ബാറ്റ്സ്മാൻമാർക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ ബാറ്റിംഗ് ഓർഡറിൽ ഇന്ത്യ ചില മാറ്റങ്ങൾ വരുത്താനും സാദ്ധ്യതയുണ്ട്.

ബൗളിംഗിലാണ് ഇന്ത്യ കൂടുതലായി ശ്രദ്ധിക്കുക. 300 ലേറെ റൺസ് ആദ്യ മത്സരത്തിൽ വഴങ്ങിയത് കോച്ച് രവിശാസ്ത്രിയെ ബൗളിംഗ് ലൈനപ്പിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചേക്കും. യുസ്വേന്ദ്ര ചഹലിനൊപ്പം കുൽദീപ് യാദവവിനെ കൂടി ഇന്ന് കളിപ്പിക്കാനും സാദ്ധ്യതയുണ്ട്. ഖലീൽ അഹമ്മദിനെയോ ഉമേഷ് യാദവിനെയോ ഒഴിവാക്കിയാകും കുൽദീപിന് സ്ഥാനം നൽകുക.

300 ലേറെ റൺസ് സ്കോർ ചെയ്യാനായി എന്നതുമാത്രമാണ് ഗോഹട്ടിയിൽ നിന്ന് വിൻഡീസിന് ലഭിച്ച ആശ്വാസം. 13 ഏകദിനങ്ങൾക്കകം മൂന്ന് സെഞ്ച്വറികൾ നേടിയ ഹെട്മെയറിലാണ് അവരുടെ പ്രതീക്ഷകൾ. കിരൺ പവൽ, റോവ്മാൻ പവൽ, ക്യാപ്ടൻ ഹോൾഡർ, ഹോപ്പ് എന്നിവർക്കൊപ്പം പരിചയസമ്പന്നനായ മർലോൺ സാമുവൽസിനും ഫോമിലേക്ക് എത്താനായാൽ മികച്ച സ്കോർ നേടാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ ബൗളിംഗ് നിര ഫോമിലെത്താതിരുന്നാൽ വിജയം പ്രതീക്ഷിക്കേണ്ടെന്ന് ഹോൾഡറിനറിയാം. സ്പിന്നർമാരായ ദേവേന്ദ്ര ബിഷുവും നഴ്സും വേണ്ടത്ര മികവ് കാട്ടാത്തതാണ് വിൻഡീസ് ക്യാപ്ടനെ കുഴയ്ക്കുന്നത്.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : വിരാട് കൊഹ്‌ലി (ക്യാപ്ടൻ), രോഹിത് ശർമ്മ, ശിഖർധവാൻ, അമ്പാട്ടിറായ്ഡു, ധോണി, ഋഷദ് പന്ത്, ജഡേജ, ചഹൽ, കുൽദീപ്, ഷമി, ഉമേഷ്, ഖലീൽ അഹമ്മദ്.

വിൻഡീസ് : ഹോൾഡർ (ക്യാപ്ടൻ), സുനിൽ ആംബ്രിസ്, ബിഷു, ഹെട്‌മെയർ, ഷായ് ഹോപ്പ്, ആഷ്ലി നഴ്സ്, കീമോവോൾ, റോവ്മാൻ പവൽ, കീരൺ പവൽ, മർലോൺ സാമുവൽസ്, കെമർറോഷ്, ഒഷാനെ തോമസ്, ഹേംരാജ്, ഫാബിയൻ അല്ലൻ, മക്കേയ്.

മാച്ച് ഫാക്ട്സ്

. ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിക്ക് ഏകദിനത്തിൽ 10000 റൺസ് തികയ്ക്കാൻ 81 റൺസ് കൂടി മതി.

. വിശാഖപട്ടണത്തെ ഇതിനുമുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയത് 2013ലാണ്. അന്ന് വിൻഡീസിനായിരുന്നു ജയം.

''ഈ ഇന്ത്യൻ ബാറ്റ്സ്‌മാന്മാർക്കെതിരെ 400 റൺസടിച്ചാലും വിൻഡീസിന് ജയിക്കാൻ കഴിയുമെന്ന് താേന്നുന്നില്ല.

- ബ്രയാൻ ലാറ

''അച്ചടക്കത്തോടെ പന്തെറിഞ്ഞെങ്കിൽ മാത്രമേ ഇന്ത്യയെ തോൽപ്പിക്കാനാകൂ. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്താൻകഴിയണം.

- ജാസൺ ഹോൾഡർ

മുംബയിൽ സച്ചിൻ

മണി മുഴക്കം

ഇന്ത്യയും വിൻഡീസും തമ്മിൽ 29ന് നാലാം ഏകദിനം നടക്കുന്ന മുംബയ് ബ്രിബോൺ സ്റ്റേഡിയത്തിൽ മത്സരത്തിന് മുമ്പുള്ള ആചാരമണി മുഴക്കുന്നത് സച്ചിൻ ടെൻഡുൽക്കറായിരിക്കും. ഒൻപത് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബ്രിബോൺ അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്.