ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ആഴ്സനൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. സെൽഫ് ഗോളിലൂടെ ലെസ്റ്ററിന് ആദ്യം ലീഡ് സമ്മാനിച്ച ആഴ്സനൽ തിരിച്ചടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു.
31-ാം മിനിട്ടിൽ ബെല്ലാറിന്റെ സെൽഫ് ഗോളാണ് ലെസ്റ്ററിന് ലീഡ് നൽകിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മെസ്യൂട്ട് ഓയ്സിലിന്റെ തകർപ്പൻ ഗോളിലൂടെ ആഴ്സനൽ സമനില പിടിച്ചു. ബെല്ലാരിനാണ് ഈ ഗോളിന് പന്തെത്തിച്ചത്. രണ്ടാം പകുതിയിൽ ഔബമെയാംഗ് രണ്ട് ഗോളുകൾ കൂടി നേടി വിജയം ആധികാരികമാക്കി. 63,66 മിനിട്ടുകളിലായിുന്നു ഔബമെയാംഗിന്റെ ഗോളുകൾ.
ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി ആഴ്സനലിന്റെ തുടർച്ചയായ 10 -ാം വിജയമായിരുന്നു ഇത്. പ്രിമിയർ ലീഗിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി നാലാം സ്ഥാനത്താണ് ആഴ്സനൽ. ഒൻപത് കളികളിൽ നിന്ന് 23 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. ലിവർപൂൾ (23), ചെൽസി (21) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.