പത്തനംതിട്ട: ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സഹപ്രവർത്തകനായ സെക്യൂരിറ്റിക്കാരൻ വിഴിഞ്ഞം വെങ്ങാനൂർ വെള്ളംകൊള്ളി ക്ഷേത്രത്തിന് സമീപം മണലിമേലെ വീട്ടിൽ ജെ. ജോസിനെ (27) സെൻട്രൽ പൊലീസ് അറസ്‌റ്റു ചെയ്‌തു. കടമ്പനാട് മണ്ണടി പ്രസാദ മന്ദിരത്തിൽ ജയപ്രസാദാണ് (40) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ടരയ്‌ക്ക് എം.ജി. റോഡിന് സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം.

ശമ്പളത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മെസിൽ നിന്ന് രാത്രി ഭക്ഷണത്തിന് ശേഷം പുറത്തിറങ്ങിയ ഇരുവരും ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. തർക്കം മുറുകിയതോടെ ജോസ് അക്രമാസക്തനായി ജയപ്രസാദിനെ പിടിച്ചു തള്ളി. ഇയാൾ തലയിടിച്ച് നിലത്തു വീണു. തലയ്‌ക്ക് ഗുരുതരമായ പരിക്കേറ്റ ജയപ്രസാദ് തത്ക്ഷണം മരിച്ചു.

ജോസിനെ തിരുവനന്തപുരത്തു നിന്നാണ് അസി. കമ്മിഷണർ കെ. ലാൽജി, സി.ഐ. അനന്തലാൽ, എസ്.ഐ. ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.