ആലുവ: ആലുവ സ്വദേശിയായ മൊത്ത വ്യാപാരിയുടെ എട്ട് ലക്ഷം രൂപ വിലമതിക്കുന്ന 25 ടൺ പഞ്ചസാര മഹാരാഷ്ട്രയിൽ വച്ച് ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം കൊള്ളയടിച്ചു. തോട്ടുംമുഖം പി.എസ്. അബൂബക്കർ ആൻഡ് കമ്പനിയുടെ ചരക്കാണ് മഹാരാഷ്ട്രയിൽ നിന്ന് ആലുവയിലേക്ക് കൊണ്ടുവരുന്ന വഴി അമ്പോളിയിൽ വച്ച് നഷ്ടമായത്. കഴിഞ്ഞ 15 ന് കോലാപ്പൂർ ജില്ലയിലെ അവേദ് നഗറിലെ ജവഹർ എസ്.എസ്.എസ്.കെ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് പഞ്ചസാര വാങ്ങിയത്.
നിപ്പാനിയിലെ ന്യൂ ജനത ട്രാൻസ്പോർട്ട് കമ്പനിക്കായിരുന്നു കരാർ. കഴിഞ്ഞ 16ന് അമ്പോളിയിൽ 90 കിലോമീറ്റർ അകലെ വനപ്രദേശത്താണ് ലോറിയിൽ മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവറെ രക്തത്തിൽ കുളിച്ച് കൊലചെയ്യപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടത്. പഞ്ചസാര ചാക്കുകൾ ഒന്നടങ്കം നഷ്ടപ്പെടുകയും ചെയ്തിരുന്നു. പണം ബാങ്ക് മുഖേന നൽകി, ചരക്ക് കമ്പനി കോമ്പൗണ്ടിൽ നിന്നും പുറത്തുകടന്നാൽ പിന്നീടുള്ള ഉത്തരവാദിത്വം ട്രാൻസ്പോർട്ടിംഗ് കമ്പനിക്കാണ്. ലോറി ഡ്രൈവർ കൊലചെയ്യപ്പെട്ടതിനാൽ ട്രാൻസ്പോർട്ടിംഗ് കമ്പനി ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ്.
45 വർഷത്തിലേറെയായി പഞ്ചസാര മൊത്തവ്യാപാരം നടത്തുന്ന പി.എസ്. അബൂബക്കറിന് രണ്ടാം തവണയാണ് ചരക്ക് നഷ്ടമാകുന്നത്. 15 വർഷം മുമ്പ് ഡ്രൈവർ വ്യാജ ലോറി നമ്പർ ഹാജരാക്കി ചരക്ക് മറിച്ചുവിറ്റ സംഭവം ഉണ്ടായിട്ടുണ്ട്. ലഭിക്കാത്ത പഞ്ചാസാരക്കായി അര ലക്ഷത്തോളം രൂപ ജി.എസ്.ടി നൽകേണ്ട സാഹചര്യവുമാണെന്ന് അബൂബക്കർ പറഞ്ഞു.