കൊല്ലം: തങ്കശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വെട്ടിയ കേസിൽ ഒരു പ്രതിയെ അറസ്‌റ്ര് ചെയ്‌തു. ഫ്ലിന്റോഫ് എന്നറിയപ്പെടുന്ന അനിലിനെയാണ് (30) ഇന്നലെ കൊല്ലം വെസ്‌‌റ്റ് എസ്.ഐ പി.പ്രദീപ് അറസ്‌‌റ്റ് ചെയ്‌തത്. തങ്കശേരി പുന്നത്തല പി.സി.ആർ.എ 73 ൽ (ആറ്റുകര വീട്) മുഹമ്മദ് അലിമിനെയാണ് ഞായറാഴ്‌ച രാത്രി ആക്രമിച്ചത്.

മുഹമ്മദ് അലീം ചാത്തന്നൂരിൽ ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വീടിന് മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു ആക്രമണം. മുഹമ്മദ് അലീം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ ദിവസം മതിലിൽ സ്വദേശികളായ ഇമ്മാനുവൽ, ശ്യാം എന്നിവരെ കൊല്ലം വെസ്‌‌റ്ര് പൊലീസ് ജില്ലാ ജയിലിന് സമീപത്ത് നിന്ന് പിടികൂടിയിരുന്നു. ഇവരുടെ പക്കൽ നിന്ന് രണ്ട് വടിവാളും പൊലീസ് കണ്ടെടുത്തു. തങ്കശേരിയിലെ ആക്ഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. ഓപ്പറേഷനിൽ പങ്കെടുത്തില്ലെങ്കിലും ആംസ് ആക്‌ട് പ്രകാരം ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അനിലിനെ പിടികൂടിയതോടെ ഗൂഢാലോചനയിൽ ഇമ്മാനുവലിനും ശ്യാമിനും പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചു. ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടെങ്കിൽ മുഹമ്മദ് അലീമിനെ ആക്രമിച്ച കേസിൽ ഇരുവരെയും പ്രതിയാക്കുമെന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്ര് പ്രതികൾ ഒളിവിലാണ്.