കണ്ണൂർ: കോർപ്പറേഷൻ മേയർ അഡ്മിനായുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് വന്ന വിവാദ ശബ്ദസന്ദേശം ആയുധമാക്കാൻ യു.ഡി.എഫ്. ഉൾപാർട്ടി തർക്കവും അനാശാസ്യവും അടങ്ങുന്ന സന്ദേശം ഭരണകക്ഷിയായ സി.പി.എമ്മിലെ ഒരു കൗൺസിലർ പോസ്റ്റ് ചെയ്തതാണ് യു.ഡി.എഫ് ആയുധമാക്കുന്നത്. സംഭവം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയത് രാഷ്ട്രീയമായി മുതലെടുക്കാമെന്നാണ് അവരുടെ പ്രതീക്ഷ.
28ന് ചേരുന്ന മുന്നണി നേതൃയോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്ന് യു.ഡി.എഫ് കണ്ണൂർ നിയോജക മണ്ഡലം കൺവീനർ സുരേഷ്ബാബു എളയാവൂർ 'കേരളകൗമുദി ഫ്ളാഷി"നോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് ഇടഞ്ഞ് റെബലായി മത്സരിച്ചു വിജയിച്ച പി.കെ. രാഗേഷിന്റെ പിന്തുണയിലാണ് എൽ.ഡി.എഫ് കോർപ്പറേഷൻ ഭരണം പിടിച്ചത്. രാഗേഷിനെ തിരിച്ച് കൊണ്ടുവരാനുള്ള രഹസ്യ നീക്കങ്ങൾ കോൺഗ്രസ് അണിയറയിൽ നടക്കുന്നതിനിടെയാണ് യു.ഡി.എഫിന് മറ്റൊരു ആയുധം വീണ് കിട്ടിയത്. ഭരണം തിരിച്ചുപിടിക്കാനുള്ള ആയുധമായി ഈ വിഷയം കൊണ്ടുവരാനാകുമോയെന്നും കോൺഗ്രസ് പരിശോധിക്കുന്നുണ്ട്.
ശബ്ദസന്ദേശത്തിൽ പാർട്ടി ഫോൺ ചോർത്തുന്നുണ്ട് എന്ന് കോർപ്പറേഷൻ കൗൺസിലറുടെ കുടുംബാംഗം പറയുന്നത് പരിശോധിക്കപ്പെടേണ്ടതാണെന്ന ആവശ്യം കോൺഗ്രസ് ഉന്നയിച്ചു കഴിഞ്ഞു. ഒരു വ്യക്തിയുടെ ഫോൺ ചോർത്തുന്ന തരത്തിൽ ജില്ലയിലെ സി.പി.എം നേതൃത്വത്തിന് ഇടപെടാൻ എങ്ങനെയാണ് കഴിയുന്നതെന്ന് സി.പി.എം വ്യക്തമാക്കണമെന്നാണ് ആവശ്യം.
അതേസമയം വിഷയത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഇപ്പോൾ അതേക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നും സി.പി.എം കണ്ണൂർ ഏരിയാ സെക്രട്ടറി സുധാകരൻ പറഞ്ഞു.