harthal

കോട്ടയം: സി.പി.എം- ആർ.എസ്.എസ് സംഘർഷത്തെ തുടർന്ന് വൈക്കം താലൂക്കിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ വൈക്കത്ത് നിന്ന് സർവീസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസുകൾ ഹർത്താലനുകൂലികൾ തടഞ്ഞു. ഇതേ തുടർന്ന് വൈക്കം ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിറുത്തിവച്ചു. എന്നാൽ, ആലപ്പുഴ,​ കോട്ടയം തുടങ്ങിയ മറ്റ് ഡിപ്പോകളിൽ നിന്നുള്ള ട്രാൻ.ബസുകൾ വന്ന് പോകുന്നുണ്ട്.

ബോട്ട്,​ ജങ്കാർ,​ സ്വകാര്യ ബസുകൾ തുടങ്ങിയവയൊന്നും സർവീസുകൾ നടത്തുന്നില്ല. കടകൾ പൂർണമായും അടഞ്ഞ് കിടക്കുകയാണ്. സർക്കാർ ഓഫീസുകളിൽ ഹാജർ നിലയും കുറവാണ്. രാവിലെ 10ന് ഹർത്താലനുകൂലികൾ വൈക്കം നഗരത്തിൽ പ്രകടനം നടത്തി.

പുലർച്ചെ ചെമ്മനത്തുകര,​ വൈക്കം ടൗൺ തുടങ്ങിയ പ്രദേശങ്ങളിലെ സി.പി.എമ്മിന്റെ കൊടിമരങ്ങൾ വ്യാപകമായി തകർത്തിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച യുവതിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാത്രി സി.പി.എം നടത്തിയ മാർച്ചിനിടെയാണ് വൈക്കത്ത് സംഘർഷമുണ്ടായത്. മാർച്ച് കടന്നുപോകുന്നതിനിടെ കല്ലേറുണ്ടായി. രാത്രി ഒമ്പതോടെയാണ് വൈക്കം ക്ഷേത്രത്തിെന്റെ കിഴക്കേ നടയിലെ കാര്യാലയത്തിന്റെ ഭാഗത്ത് സംഘർഷമുണ്ടായത്. കാര്യാലയത്തിനുള്ളിൽ ഉണ്ടായിരുന്ന ജില്ലാ സഹകാര്യവാഹ് സോമശേഖരൻ, താലൂക്ക് കാര്യവാഹക് മനു നാരായണൻ കുട്ടി എന്നിവരെ പരിക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് പ്രദേശത്ത് നൂറുകണക്കിനു പ്രവർത്തകർ തടിച്ചുകൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് മ‌ർദ്ദനമേറ്റ പെൺകുട്ടിയെ മർദിച്ചയാളുടെ വീടിനു സമീപത്തായിരുന്നു അക്രമങ്ങളുടെ തുടക്കം. വൈക്കം മുരിയൻകുളങ്ങരയിലെ ഏറ്റുമുട്ടലിൽ നാല് ബി.ജെ.പി പ്രവർത്തകർക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു പിന്നിൽ സി.പി.എമ്മാണെന്നു ബി.ജെ.പിയും അക്രമങ്ങൾക്കു തുടക്കമിട്ടത് ബി.ജെ.പിയാണെന്നു സി.പി.എമ്മും ആരോപിച്ചു.