നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഗ്രാമസഭയിൽവച്ച് യുവതി ഷർട്ടിന് പിടിച്ചുവലിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് തത്തിയൂർ ടി.വി.യു.പി മഹാത്മാ സ്കൂളിൽ തൃപ്പലവൂർ വാർഡിലെ ഗ്രാമസഭ നടന്നുകൊണ്ടിരിക്കേയാണ് സംഭവം.

വാർഡ് മെമ്പർ കൂടിയായ തൃപ്പലവൂർ പ്രസാദിനാണ് (52) മർദ്ദനമേറ്റത്. തൃപ്പലവൂർ വാർഡിൽ തോട് നികത്തി റോഡ് നിർമിക്കുന്ന പ്രവർത്തനം പൂർത്തിയായിരുന്നില്ല. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമാണപ്രവർത്തനം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ബഹളം വയ്ക്കുകയും സ്റ്റേജിന് മുൻപിൽ വന്ന് പ്രസാദിനെ അടിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ നോക്കിനിൽക്കവേയാണ് സംഭവം.

പ്രസാദ് മാരായമുട്ടം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ യുവതിയെ ജാമ്യത്തിൽ വിട്ടു. പൊലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. യുവതി ബി.ജെ.പി പ്രവർത്തകയാണെന്നാണ് പറയപ്പെടുന്നത്. കോൺഗ്രസ് പാർട്ടി മുൻ അംഗമായ പ്രസാദ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.