കൊച്ചി: കോടികളുടെ പലിശ ഇടപാട് കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശി മഹാരാജ മഹാദേവനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. സംസ്ഥാനത്ത് 500 കോടിയിലധികം രൂപയുടെ ഇടപാടാണ് മഹാരാജൻ നടത്തിയിട്ടുള്ളത്. കേരളത്തിലൊഴുക്കിയത് കള്ളപ്പണമാണോ, പണത്തിന്റെ ഉറവിടം എതാണ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുന്നത്. ഇന്നലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മഹാരാജനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. പണമിടപാടിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. തമിഴ്‌നാട്ടിൽ രാഷ്ട്രീയ പാർട്ടികളിലും പൊലീസിലും അടുത്ത ബന്ധമാണ് മഹാരാജനുള്ളത്.
കസ്റ്റഡി കാലാവധി അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് കസ്റ്റഡി അപേക്ഷ നൽകിയത്. സെപ്തംബർ 29നാണ് മഹാരാജൻ ആദ്യം അറസ്റ്റിലായത്. എന്നാൽ പിറ്റേന്ന് ഒരു ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. വീണ്ടും ഹാജരായപ്പോൾ പത്തു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ നൽകിയിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ബുധനാഴ്ച വീണ്ടും തോപ്പുംപടി കോടതിയിൽ ഹാജരാക്കി. തുടർന്ന് റിമാൻഡ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ജാമ്യം ലഭിച്ചു.
എന്നാൽ, ഷാഹുൽ ഹമീദ് എന്നയാളുടെ പരാതിയിൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. രണ്ടുകോടി രൂപ ഇയാൾ മഹാരാജനിൽനിന്ന് വാങ്ങിയിരുന്നു. 65 ലക്ഷം രൂപ തിരികെ നൽകി. എന്നാൽ പലിശയടക്കം മൂന്നുകോടി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് മഹാരാജനെതിരായ പരാതി. മഹാരാജയുടെ ഇടപാടുകളെക്കുറിച്ച് നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.