-kadakampalli-surendran

തിരുവനന്തപുരം: അകാലത്തിൽ വിടപറഞ്ഞ് മൂന്നു വർഷം പിന്നിട്ടിട്ടും എസ്.എസ്.റാം ഇന്നും മാദ്ധ്യമപ്രവർത്തകരുടെ ഇടയിൽ മരിക്കാത്ത ഓർമ്മയായി തുടരുന്നതിന് ജീവിച്ചിരുന്ന കാലം സഹജീവികൾക്ക് നൽകിയ സ്നേഹവും സന്തോഷവും കാരണമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളകൗമുദി ഫോട്ടോ എഡിറ്ററായിരുന്ന എസ്.എസ്.റാമിന്റെ സ്മരണാർത്ഥം റാം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ മാധ്യമം ദിനപത്രത്തിലെ സീനിയർ ഫോട്ടോഗ്രാഫർ പി.അഭിജിത്തിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുപരിപാടികളിൽ പുഞ്ചിരിയുമായി ബൈക്കിൽ തോളിൽ കാമറയും തൂക്കി എത്താറുള്ള റാം ഒരു നിറസാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വേർപാട് ഇന്നലെ എന്നതുപോലെ ഓർക്കുന്നുവെന്നും ആ വിടപറയലിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമുണ്ടായ ദുഃഖത്തിൽ പങ്ക് ചേരുന്നതായും കടകംപള്ളി പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശം റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജോലിക്ക് പോയ വനിതകൾ അടക്കം ആക്രമിക്കപ്പെട്ടത് അത്യന്തം ദൗർഗ്യകരമാണ്. അക്രമികൾക്ക് മുൻപിൽ ജീവനായി കൈകൂപ്പി നിൽക്കുന്ന മാദ്ധ്യമപ്രവർത്തകയുടെ ചിത്രം പണ്ട് ഗുജറാത്ത് കലാപമുണ്ടായപ്പോൾ ജീവനായി കൈകൂപ്പി അപേക്ഷിച്ച കുത്തബ്ദീൻ അൻസാരിയുടെ ജീവിതത്തെ ഓർമിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ശിവനാണ് അവാർഡിനർഹമായ ചിത്രം തിരഞ്ഞെടുത്തത്. ഫൗണ്ടേഷൻ വൈസ് ചെയർമാനും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ജീവിതം മത്സരിക്കാനുള്ള വേദിയല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് എസ്.എസ്.റാമെന്ന് വി.എസ്.രാജേഷ് പറഞ്ഞു.

ചടങ്ങിൽ റാം ഫൗണ്ടേഷൻ ചെയർമാൻ സി. രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ട്രഷറർ എ.സി.റെജി, പ്രസ്ക്ലബ് പ്രസിഡന്റ് ജി.പ്രമോദ്, സെക്രട്ടറി എം. രാധാകൃഷ്ണൻ. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ഫൗണ്ടേഷൻ സെക്രട്ടറി രാമകൃഷ്ണൻ, എസ്.എസ്.റാമിന്റെ ഭാര്യ ജയലക്ഷ്മി, മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.