മലയിൻകീഴ്: അണപ്പാട്-ചീനിവിള റോഡിലെ ഇടുങ്ങിയ പാലം അപകട ഭീഷണിയാകുന്നു. കഷ്ടിച്ച് ഒരു വാഹനത്തിന് പോകാനുള്ള വീതി മാത്രമുള്ള പാലത്തിന്റെ കൈവരി തകർന്നിട്ട് നാളുകളേറെയായി. നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചാണ് കൈവരി തകർന്നത്. പാലത്തിന് സമീപത്തെ ട്രാൻസ്ഫോർ കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നിരുന്നു. എപ്പോഴും തിരക്കേറിയ ഈ റോഡിൽ വാഹനയാത്രക്കാർ തമ്മിൽ ഇവിടെ എത്തുമ്പോൾ വഴക്ക് കൂടുന്നത് പതിവാണ്. വാഹനക്കുരുക്ക് ഇവിടെ പതിവായിട്ടുണ്ട്. വാഹനപെരുപ് മില്ലാതിരുന്ന കാലഘട്ടത്തിൽ കുഴയ്ക്കാട്-അണപ്പാട് തോടിന് കുറുകെ നിർമ്മിച്ച പാലം ജീർണ്ണാവസ്ഥയിലായിട്ടും വർഷങ്ങൾ കഴിഞ്ഞു. പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പട്ട് നിരവധി നിവേദനങ്ങൾ അധികൃതർക്കും ജനപ്രതിനിധികൾക്കും നാട്ടുകാർ നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. അടുത്തിടെ പൊതുമരാമത്ത് വകുപ്പ് പാലം പെയിന്റടിച്ചതല്ലാതെ ഇപ്പോഴും പാലം അപകടാവസ്ഥയിൽ തുടരുകയാണ്. പോങ്ങുംമൂട്, തൂങ്ങാംപാറ, കാട്ടാക്കട, നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുന്നവർ ഈ റോഡിനെയാണ് ആശ്രയിക്കാറുള്ളത്. ക്രൈയിസ്റ്റ് നഗർ കോളേജ്, ഡി.വി.എം.എൻ.എൻ, എം, ഹയർ സെക്കന്ററി സ്ക്കൂൾ, ക്ഷീര,കണ്ടല ഗവൺ മെന്റ് സ്ക്കൂൾ സഹകരണ ബാങ്ക് ,ആശുപത്രി എന്നിവയിലെത്താനും അണപ്പാട്-ചീനിവിള റോഡാണ് ആശ്രയം. അടുത്തിടെ റോഡ് റീ-ടാറിംഗ് നടത്തി നവീകരിച്ചതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. മഴയിൽ റോഡിലെ പലഭാഗങ്ങളിലും കുണ്ടും കുഴിയുമായിട്ടുണ്ട്. രാത്രികാലങ്ങളിൽ അണപ്പാട് -ചീനിവിള പാലത്തിലൂടെ യാത്ര ചെയ്യുന്നത് വൻ ദുരന്തത്തിന് ഇടയാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ അണപ്പാട് ഭജന മഠം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തുന്നതും ഈ റോഡിലൂടെയാണ്. ഭീതിയില്ലാതെ യാത്ര ചെയ്യാൻ അണപ്പാട്-ചിനിവിള പാലം പുതിയതായി നിർമ്മിക്കണ മെന്ന ആവശ്യം ശക്തമായിട്ടുണ്ട്.