anappade-palam
അണപ്പാട്-ചിനിവിള പാലം അപകടത്തിൽ: കൈവരി തകർന്നിട്ട് ആഴ്ചകൾ കഴിഞ്ഞു

മലയിൻകീഴ്: അണപ്പാട് -ചീനിവിള റോഡിലെ ഇടുങ്ങിയ പാലത്തിന്റെ കൈവരി തകർന്നത് അപകട ഭീഷണി ഉയർത്തുന്നു. നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചാണ് കൈവരി തകർന്നത്. പാലത്തിന് സമീപത്തെ ട്രാൻസ്ഫോർമറും കഴിഞ്ഞ മഴയിൽ തകർന്നിരുന്നു. ഭീതിയോടെയാണ് ഇതുവഴി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്നത്. റോഡിന്റെ രണ്ട് ഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങൾ പാലത്തിന് നടുവിലാകുമ്പോൾ ആരുടെ വാഹനം പുറകിലോട്ട് എടുക്കണം എന്നത് സംബന്ധിച്ച് വാക്കുതർക്കവുണ്ടാകാറുണ്ട്. അടുത്തിടെ പൊതുമരാമത്ത് വകുപ്പ് പെയിന്റടിച്ചതൊഴിച്ചാൽ അപകടാവസ്ഥ മാറ്റാൻ ഒന്നും ചെയ്തിട്ടില്ല.

പോങ്ങുംമൂട്,തൂങ്ങാംപാറ,കാട്ടാക്കട,നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുന്നവർ ഈ റോഡിനെയാണ് ആശ്രയിക്കാറുള്ളത്. ക്രൈയിസ്റ്റ് നഗർ കോളേജ്, ഡി.വി.എം.എൻ.എൻ,എം, ഹയർ സെക്കൻഡറി സ്ക്കൂൾ,ക്ഷീര, കണ്ടല സർക്കാർ സ്ക്കൂൾ സഹകരണ ബാങ്ക് ,ആശുപത്രി എന്നിവയിലെത്താനും ഈ റോഡ് തന്നെയാണ് ആശ്രയം.അടുത്തിടെ റോഡ് റീ-ടാറിംഗ് നടത്തി നവീകരിച്ചതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. കൈവരി തകർന്നതും പാലത്തിന്റെ വീതി കുറവും അപകട സാദ്ധ്യത കൂട്ടുകയാണ്. ട്രാൻസ്‌ഫോർമർ തകർന്ന് വീണ് പാലത്തിന് അരികിലെ കരിങ്കൽ കെട്ടും തകർന്നിട്ടുണ്ട്. ഭീതിയില്ലാതെ യാത്ര ചെയ്യാൻ അണപ്പാട്-ചിനിവിള പാലം പുതായി നിർമ്മിക്കണ മെന്ന ആവശ്യം ശക്തമായിട്ടുണ്ട്