edit

കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്‌ത്രീ ജീവനക്കാർ തിരക്കില്ലാത്ത സമയത്തും ഇരിക്കാൻ പാടില്ലെന്നാണ് അലിഖിത നിയമം. രാവിലെ മുതൽ മണിക്കൂറുകളോളം ഒരേ നില്പിൽ ജോലി ചെയ്യേണ്ടി വരുന്ന ഈ വിഭാഗം സ്‌ത്രീകൾക്ക് ആശ്വാസമേകുന്നതാണ് സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി. സ്‌ത്രീ ജീവനക്കാർക്ക് സ്ഥാപന ഉടമകൾ ഇരിപ്പിട സൗകര്യം നൽകണമെന്ന് അനുശാസിക്കുന്ന നിയമ ഭേദഗതിയാണ് 1960-ലെ ബന്ധപ്പെട്ട നിയമത്തിൽ വരുത്തി ഓർഡിനൻസ് രൂപത്തിൽ നടപ്പിലായിരിക്കുന്നത്. നിയമ വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപന ഉടമകൾക്ക് കടുത്ത ശിക്ഷ നൽകാനുള്ള വകുപ്പുകളും ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിൽ നിയമ രൂപത്തിൽ നിയമസഭയിൽ കൊണ്ടുവന്നു പാസാക്കാൻ താമസം വരുമെന്നതിനാലാണ് ഓർഡിനൻസായി പുറപ്പെടുവിച്ചത്. തൊഴിലാളി ക്ഷേമം ഉന്നമിട്ട് സംസ്ഥാനത്തു ഇതിനകം നടപ്പാക്കിയിട്ടുള്ള അനവധി ക്ഷേമ നടപടികളിൽ എന്തുകൊണ്ടും വളരെ പ്രാധാന്യമർഹിക്കുന്ന നടപടിയാണിത്. കാരണം തൊഴിലിടങ്ങളിൽ ഇരിപ്പിടത്തിനായി പോരാടിക്കൊണ്ടിരുന്ന സ്ത്രീ ജീവനക്കാരുടെ രോദനം ഭരണകൂടം അവസാനം കേട്ടിരിക്കുകയാണ്. സ്‌ത്രീ ജീവനക്കാരുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന നിയമം കൂടിയാണിത്. തൊഴിലാളികൾക്ക് തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഇരിക്കാനുള്ള അവകാശത്തിനായി നിയമം തന്നെ വേണ്ടിവന്നുവെന്നത് വിശാലമായി ചിന്തിക്കുമ്പോൾ വിരോധാഭാസമായി തോന്നാം. കാരണം തൊഴിൽ സംരക്ഷണത്തിനും തൊഴിലാളികളുടെ അവകാശങ്ങൾക്കും വേണ്ടി ധാരാളം നിയമങ്ങൾ നടപ്പാക്കിയിട്ടുള്ള സംസ്ഥാനമാണ് കേരളം.തൊഴിലാളി ക്ഷേമ നിയമങ്ങളിൽ രാജ്യത്തിനു മാതൃകയായ സംസ്ഥാനത്ത് ഇരിപ്പിടത്തിനായി വനിതാ തൊഴിലാളി സംഘടനകൾക്ക് പ്രക്ഷോഭം തന്നെ നടത്തേണ്ടിവന്നുവെന്നത് ദുഃഖകരമായ കാര്യമാണ്. എന്നിരുന്നാലും ഏറെ വൈകിയാണെങ്കിലും ഇതിനായി നിയമം നടപ്പായല്ലോ എന്നോർത്ത് ആഹ്ളാദം കൊള്ളാം.

സ്‌ത്രീകൾ ജോലിയെടുക്കുന്ന സ്ഥാപനങ്ങളിൽ അവർക്ക് ഇരിപ്പിടങ്ങൾ നിഷേധിക്കുന്ന സ്ഥാപന ഉടമകളെ ശിക്ഷിക്കാൻ നിയമത്തിൽ കർക്കശ വ്യവസ്ഥകളുണ്ട്. നേരത്തെ ഇതിന് പിഴ അയ്യായിരം രൂപയായിരുന്നെങ്കിൽ ഭേദഗതി നിയമത്തിൽ ഒരുലക്ഷം രൂപയായി ഉയർത്തി. കുറ്റം ആവർത്തിച്ചാൽ പിഴ രണ്ടുലക്ഷം രൂപയാകും. മതിയായ സുരക്ഷയോടെ മാത്രമേ സ്‌ത്രീകളെ രാത്രി സമയത്ത് ജോലിക്കു നിയോഗിക്കാവൂ. ഒൻപതു മണിവരെ നീളുന്ന ഷിഫ്റ്റിൽ സ്‌ത്രീജീവനക്കാരെ വീട്ടിൽ കൊണ്ടുചെന്നാക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തണം. ഒൻപതിനുശേഷമുള്ള ഷിഫ്‌റ്റിൽ വനിതകളുടെ സമ്മതത്തോടു കൂടി മാത്രമേ അവരെ നിയോഗിക്കാവൂ. ഇത്തരത്തിൽ സ്‌ത്രീ ജീവനക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്ന കർശന വ്യവസ്ഥകളോടെയാണ് ഭേദഗതികൾ കൊണ്ടുവന്നിട്ടുള്ളത്.

വസ്‌ത്രശാലകൾ, ജുവലറികൾ, ഹോട്ടലുകൾ, മാളുകൾ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ തുടങ്ങി ധാരാളം സ്‌ത്രീജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ മുപ്പത്തഞ്ചുലക്ഷത്തോളം തൊഴിലാളികൾക്കു ഗുണകരമാകുന്ന വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമ വ്യവസ്ഥകൾ പൂർണ തോതിൽ അനുഭവവേദ്യമാകുമ്പോഴാണ് നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാർത്ഥകമാകുന്നത്. തൊഴിൽ വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞതുപോലെ നിയമത്തിൽ പറയുന്ന അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ സ്ത്രീ ജീവനക്കാർ മുന്നോട്ടു വരണം. നിയമ ഭേദഗതികൾ വ്യാപാര സ്ഥാപനങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് തൊഴിൽ വകുപ്പുദ്യോഗസ്ഥന്മാരും ഉറപ്പാക്കണം. തൊഴിൽ വകുപ്പിന്റെ നിരന്തരമായ നിരീക്ഷണമുണ്ടെങ്കിലേ ഇത്തരത്തിലുള്ള തൊഴിലാളി ക്ഷേമ നിയമങ്ങൾ പ്രാവർത്തികമാവുകയുള്ളൂ. നിയമം നൽകുന്ന പരിരക്ഷകളെക്കുറിച്ച് ജീവനക്കാരികളും ബോധവതികളാകേണ്ടതുണ്ട്. തൊഴിലാളി സംഘടനകളാണ് അതിനായി പ്രവർത്തിക്കേണ്ടത്. ഈ ഉത്തരവാദിത്വം അവർ ഭംഗിയായി നിർവഹിച്ചാൽ നിയമത്തിന്റെ ശക്തിയും സാംഗത്യവും അർത്ഥപൂർണമാകും.

വ്യാപാര സ്ഥാപനങ്ങളിൽ രാപകൽ പണിയെടുക്കേണ്ടിവരുന്ന യുവതികൾ പലപ്പോഴും ദൈന്യതയുടെ ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. ജോലിക്കിടെ ഒന്ന് ഇരിക്കാൻ പോലുമാകാതെ ക്ളേശിക്കുന്ന അവർ സങ്കടം മറച്ച് സദാ മുഖത്തു പ്രസന്നത വരുത്താൻ ശ്രമിക്കുകയാണു ചെയ്യാറുള്ളത്. സീസൺ കാലങ്ങളിൽ ശ്വാസം കഴിക്കാൻ പോലുമാകാത്തത്ര തിരക്കായിരിക്കും. ജോലി ചെയ്ത് കൈകാൽ കുഴഞ്ഞാലും ഇരിക്കാൻ അനുവാദമില്ല. കുറച്ചുകാലം മുൻപ് വസ്ത്രസ്ഥാപനങ്ങളിലെയും മറ്റും സ്‌ത്രീ ജീവനക്കാർ തങ്ങളുടെ ദുരനുഭവങ്ങൾ മുൻനിറുത്തി സമരത്തിനിറങ്ങിയിരുന്നു. പ്രധാനമായും ഇരിപ്പിടം അനുവദിക്കണമെന്നതായിരുന്നു ആവശ്യം. ഉന്നത ഇടപെടലുകൾ ഉണ്ടായിട്ടുപോലും ഇത് ഒരു അവകാശമായി അംഗീകരിക്കാൻ പല സ്ഥാപനങ്ങളും തയ്യാറായില്ല. ഇരിപ്പിടത്തിനായി ശാഠ്യം പിടിച്ചാൽ ഉള്ള പണിപോലും ഇല്ലാതാകുമോ എന്നു ഭയന്നാകണം സംഘടനകളും പിന്നാക്കം പോവുകയാണുണ്ടായത്. ഏതായാലും സർക്കാർ അവരുടെ വിലാപം കേട്ടു എന്നതിൽ സന്തോഷിക്കാം. വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കാലു തളരുമ്പോൾ ഒന്നിരിക്കാൻ ഇരിപ്പിടം നൽകാൻ ഉടമകളെ ബാദ്ധ്യസ്ഥരാക്കുന്ന നിയമം പ്രാബല്യത്തിലായതിൽ ഏവർക്കും അഭിമാനിക്കാം.