letter

അയ്യപ്പൻ ബ്രഹ്മമാണ്. ബ്രഹ്മം എന്നാൽ ഈശ്വരൻ. ഏകദൈവമെന്ന സത്യജ്ഞാനത്തിൽ നിന്നുമാണ് അതുണ്ടായത്. ആത്മാവിലുള്ള സത്യമാണ് ആത്മീയത. എല്ലാ ആത്മാക്കളിലും ഉണ്ട്. നിരീശ്വരവാദിയിലും കപട ക്തരിലും ഉണ്ട്. യാത്രയുടെ ഒരു ഘട്ടത്തിൽ മനുഷ്യൻ ദൈവത്തെ പുറമേ നിന്ന് സൃഷ്ടിക്കുകയും ശൃംഗാരവും രസികത്വവും നൽകുകയും ചെയ്തു. ഇങ്ങനെ സൗകര്യാനുസരണം ദൈവങ്ങളെ സൃഷ്ടിച്ചു. ത്യാഗവും തപസും കൊണ്ട് ജ്ഞാനം ആർജ്ജിച്ച ജ്ഞാനികളായിരുന്നില്ല ഇതിന് പിന്നിൽ. എല്ലാം അകത്താണുള്ളത്. അവിടെ നിന്നും ബ്രഹ്മത്തെ കണ്ടെത്താനുള്ള വഴിയടച്ച് മനസിനെ പുറത്തുനിർത്തി മനുഷ്യൻ യാത്ര തുടരുന്നു. ചുരുക്കം ചിലർ ഉള്ളിലേക്കു നോക്കി സമർപ്പിച്ച് ശുദ്ധരാകാനും ശ്രമിക്കുന്നുണ്ട്. അങ്ങനെ വളരെ കുറച്ച് പേർ മാത്രം സത്യാന്വേഷികളും ജ്ഞാനികളുമായി മാറുന്നു.

ബ്രഹ്മമെന്നാൽ പരിശുദ്ധജ്ഞാനമാണ്, ഊർജ്ജമാണ്, സത്യമാണ്, ബൃഹത്കണമാണ്, തരംഗമാണ്. ശബരിമലയിൽ എത്തുമ്പോൾ തത്വമസി എന്ന് എഴുതി വച്ചിട്ടുണ്ട്. ഞാൻ നീ തന്നെയാകുന്നു. സ്വയം തന്നെത്തന്നെ അറിഞ്ഞവർ അത് തിരിച്ചറിയും.

അയ്യപ്പന്റെ പേരിലുള്ള തർക്കങ്ങളും കേസുകളും എല്ലാം മനുഷ്യൻ സൃഷ്ടിച്ചതാണ്. അയ്യപ്പന് ഇതിലൊന്നും യാതൊരു പങ്കുമില്ല. ഈ പുണ്യസ്ഥലം ഒരു കലാപഭൂമി ആകാതിരിക്കണമെങ്കിൽ മനുഷ്യൻ ഗാന്ധിജി പറഞ്ഞ സത്യാന്വേഷികളാകണം. ബ്രഹ്മത്തിന്റെ മുന്നിൽ ആത്മാവ് മാത്രമേ ഉള്ളൂ. എല്ലാ ആത്മാക്കളും തുല്യരാണ്. ആത്മാവിന് ജാതിയോ മതമോ ദേശവ്യത്യാസമോ ഇല്ല. സൃഷ്ടിക്കായി സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടായി. ഇല്ലെങ്കിൽ ഇന്ന് കാണുന്നതൊന്നും ഉണ്ടാകുമായിരുന്നില്ല. സ്ത്രീ ഒരിക്കലും അശുദ്ധയല്ല. സ്ത്രീയ്ക്ക് അണ്ഡോത്പാദനം ഇല്ലെങ്കിൽ മാനവരാശി ഇല്ലാതാകും. അണ്ഡോത്‌പാദനത്തിന് മാസമുറയും വേണം. ഇപ്പോൾ വേണ്ടത് സത്യാന്വേഷണമാണ്. കലാപമല്ല. എല്ലാവരും ചിന്തിക്കുക. സമാധാന അന്തരീക്ഷത്തിനായി കലാപത്തിന്റെ മാർഗം വെടിഞ്ഞ് പരിഹാരത്തിനായി പരിശ്രമിക്കണം.


മാധവാചാര്യൻ,

തപോവനം മഠാധിപതി