bhaskaran-nair

കല്ലറ: പ്രളയം വിതച്ച കെടുതിയെ കഠിനാദ്ധ്വാനം കൊണ്ട് നേരിട്ട് നെൽകൃഷിയിൽ നൂറ് മേനി വിളയിച്ച് മാതൃകയാവുകയാണ് കർഷകനായ കല്ലറ തുമ്പോട് സ്വദേശി ഭാസ്കരൻനായർ. കല്ലറ തുമ്പോട് ഏലായിൽ പാട്ടത്തിനെടുത്ത രണ്ട് ഏക്കർ പാടത്തായിരുന്നു നെൽകൃഷി. മണ്ണൊരുക്കി ചാണകപ്പൊടിയും വിതറി വിത്തെറിഞ്ഞു. വിത്ത് മുളച്ചു നെൽച്ചെടികൾ വളരാൻ തുടങ്ങുമ്പോഴാണ് പിന്നാലെ മഴ എത്തുന്നത്. ദിവസങ്ങൾ നിണ്ടുനിന്ന മഴയിൽ മറ്റു സ്ഥലങ്ങളെന്ന പോലെ തുമ്പോട് ഏലായും വെള്ളത്തിനടിയിലായി. കഷ്ടപ്പെട്ടും, കടം വാങ്ങിയും കൃഷിയിറക്കിയ പാടം വെള്ളത്തിനടിയിൽ ആയപ്പോൾ എല്ലാം കൈവിട്ടുവെന്ന് തോന്നി. എന്നാൽ ഭാഗ്യം ഭാസ്കരൻനായരെ കൈവിട്ടില്ല. കുത്തൊഴുക്കിനെ അതിജീവിച്ച നെൽച്ചെടികൾ കർഷകന്റെ കഠിനാദ്ധ്വാനത്താൽ വളർന്നു കതിരിട്ടു. അതും നൂറ് മേനി. ഉമ വിത്താണ് വിതച്ചത്. കല്ലറ കൃഷിഭവനുമായി സഹകരിച്ചായിരുന്നു കൃഷി. കൃഷി ചെയ്യാനുള്ള വളവും അനുബന്ധ സഹായവും കൃഷിഭവൻ നൽകി. ഭാസ്കരൻനായരുടെ പാടത്തെ കൊയ്ത്ത് ഉത്സവം നാട് ആഘോഷമാക്കി. ഡി.കെ. മുരളി എം.എൽ.എ ആദ്യനെൽമണികൾ കൊയ്തെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.എം. റാസി, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാർ, വാർഡ് മെമ്പർമാരായ സജു, വത്സലകുമാരി, അസി. കൃഷി ഒാഫീസർ ഗിരീഷ് എം.പിള്ള, കൃഷി അസി. റെജിൻ തുടങ്ങിയവർ പങ്കെടുത്തു.