s-s-ram

തിരുവനന്തപുരം: വിടപറഞ്ഞ് മൂന്നു വർഷം പിന്നിട്ടിട്ടും എസ്.എസ്.റാം ഇന്നും മാദ്ധ്യമപ്രവർത്തകരിൽ മരിക്കാത്ത ഓർമ്മയായി തുടരുന്നത് ജീവിച്ചിരുന്നപ്പോൾ പകർന്നുനൽകിയ സ്നേഹവും സന്തോഷവും കൊണ്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അകാലത്തിൽ പൊലിഞ്ഞ, കേരളകൗമുദി ഫോട്ടോ എഡിറ്ററായിരുന്ന എസ്.എസ്.റാമിന്റെ സ്മരണാർത്ഥം റാം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ പി.അഭിജിത്തിന് പ്രസ്‌ക്ലബിൽ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. പൊതുപരിപാടികളിൽ പുഞ്ചിരിയുമായി ബൈക്കിൽ തോളിൽ കാമറയും തൂക്കി എത്താറുള്ള റാം എല്ലാവർക്കും പ്രിയങ്കരനായിരുന്നു--മന്ത്രി അനുസ്മരിച്ചു.

ജീവിതം മത്സരിക്കാനുള്ള വേദിയല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് എസ്.എസ്.റാമെന്ന് ഫൗണ്ടേഷൻ വൈസ് ചെയർമാനും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററുമായ വി.എസ്. രാജേഷ് പറഞ്ഞു. റാം ഫൗണ്ടേഷൻ ചെയർമാൻ സി. രതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രഷററും കേരളകൗമുദി ബ്രോഡ്കാസ്റ്റിംഗ് വിഭാഗം മേധാവിയുമായ എ.സി.റെജി, സെക്രട്ടറി രാമകൃഷ്ണൻ, പ്രസ്ക്ലബ് പ്രസിഡന്റ് ജി.പ്രമോദ്, സെക്രട്ടറി എം. രാധാകൃഷ്ണൻ. കെ.യു.ഡബ്ളിയു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, എസ്.എസ്.റാമിന്റെ ഭാര്യ ജയലക്ഷ്മി, മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സംവിധായകനും ഛായാഗ്രാഹകനുമായ ശിവനാണ് അവാർഡിനർഹമായ ചിത്രം തിരഞ്ഞെടുത്തത്.