തിരുവനന്തപുരം : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള സാദ്ധ്യതാപഠനത്തിനും വിവരശേഖരണത്തിനും അനുമതി വേണമെന്ന കേരളത്തിന്റെ അപേക്ഷയ്‌ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി. അണക്കെട്ട് നിയന്ത്രിക്കുന്ന തമിഴ്നാടിന്റെ അനുമതി ഉറപ്പാക്കണമെന്നതടക്കമുള്ള ഉപാധികളോടെയാണിത്. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ നദീതട, ജലവൈദ്യുത പദ്ധതികൾക്കുള്ള എക്‌സ്‌പർട്ട് അപ്രൈസൽ കമ്മിറ്റിക്കാണ് അനുമതി ലഭിച്ചത്.
മുല്ലപ്പെരിയാറിന്റെ വൃഷ്‌ടിപ്രദേശത്തെയടക്കം പ്രതിസന്ധിയിലാക്കിയ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ പുതിയ അപേക്ഷ കേന്ദ്രം പരിഗണിച്ചത്. അന്തർസംസ്ഥാന പരിധിയിലായതിനാൽ പാരിസ്ഥിതിക അംഗീകാരത്തിന് മുമ്പ് കേരളവും തമിഴ്നാടും പരസ്‌പര ധാരണയിലെത്തി പ്രമേയം പാസാക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ പുതിയ അണക്കെട്ടിനോട് തമിഴ്നാടിന് വിയോജിപ്പുള്ളതിനാൽ കേരളത്തിന് ഇത് ശ്രമകരമാവും.
പരിസ്ഥിതി അംഗീകാരത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് മറ്റെല്ലാ അംഗീകാരങ്ങളും നേടണം. തമിഴ്നാട് നൽകിയ റിട്ട് ഹർജിയും തീർപ്പാക്കണം. സാദ്ധ്യതാ പഠനത്തിന് അനുമതി ലഭിച്ചതിനാൽ പരിസ്ഥിതി അംഗീകാരമാവുന്നില്ല. സുപ്രീംകോടതിയുടെയോ ദേശീയ ഹരിത ട്രൈബ്യൂണലിന്റെയോ നിർദ്ദേശമനുസരിച്ചാകും സാദ്ധ്യതാ പഠനത്തിന്റെ ടേംസ് ഒഫ് റഫറൻസ് അംഗീകരിക്കുക.
123 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം പുതിയത് നിർമ്മിക്കുന്നതിന് 50 ഹെക്‌ടർ അധിക വനഭൂമി വേണം. 22.23 ഹെക്‌ടർ ഭൂമി വെള്ളത്തിലാകുമെന്നും കണക്കാക്കുന്നു. ഇതും പെരിയാർ കടുവാ സങ്കേതത്തിലാണ് വരുന്നത്. ഡാമിന് 45.5 മീറ്റർ ഉയരമാണ് കണക്കാക്കുന്നത്. പ്രദേശത്തെ ഒരു വില്ലേജിനെ ഇത് ബാധിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. 663 കോടി ചെലവ് പ്രതീക്ഷിക്കുന്ന അണക്കെട്ട് നാല് വർഷത്തിനകം പൂർത്തിയാക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പുതിയ പദ്ധതികൾക്ക് സാദ്ധ്യതാ പഠനവും വിവരശേഖരണവും അനിവാര്യമായതിനാൽ കേരളത്തിന്റെ ആവശ്യം നിരസിക്കുന്നില്ലെന്നാണ് എക്‌സ്‌പർട്ട് അപ്രൈസൽ കമ്മിറ്റി അഭിപ്രായപ്പെട്ടത്.