letter-to-the-editor
LETTER TO THE EDITOR

കേരളത്തിലെ പ്രളയക്കെടുതിയിൽ അവിസ്മരണീയമായ രക്ഷാപ്രവർത്തനം കാഴ്ചവച്ച മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന പ്രശംസയും അംഗീകാരവും നല്ലതുതന്നെ. എന്നാൽ അവർ അന്താരാഷ്‌ട്ര ശ്രദ്ധ അർഹിക്കുന്നില്ലേ. ലോകം ഒരു ചെറുതീരമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സഹജീവി സ്‌നേഹത്തിൽ കേരളം ചെറുതല്ല എന്ന് തെളിയിച്ചവരല്ലേ ഈ കടലിന്റെ മക്കൾ.

പ്രളയജലം വിഴുങ്ങിയ ഓരോ ജീവനും മുങ്ങിയെടുക്കുന്നതിൽ അവർ കാണിച്ച വൈഭവവും ത്യാഗസന്നദ്ധതയും പ്രശംസാ വാക്കുകൾക്ക് അതീതമാണ്. ഒരു രക്ഷകന്റെ ഉൾവിളിയാണ് അവരിൽ ആളിക്കത്തിയത്. അത് അണയ്ക്കാൻ പെയ്തിറങ്ങിയ ഒരു മഴയ്ക്കും പെരുവെള്ളപ്പാച്ചിലിനും കഴിഞ്ഞില്ല. മരണം മാടിവിളിച്ചവരെ മാറോട് ചേർക്കുകയായിരുന്നു ആ രക്ഷകർ. പലശക്തികളും സാങ്കേതിക വിദ്യകളും നിശ്ചലമായപ്പോഴാണ് പാവപ്പെട്ട ഈ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ശക്തി എന്തെന്ന് കേരളത്തിന് കാണിച്ചുകൊടുത്തത്.

രാജ്യം പ്രതിഭകളെ കണ്ടെത്തുന്ന കാലമാണിത്, അവരുടെ സേവനം ഒഴിച്ചുകൂടാനാകാത്തതാണ് . ഒൗപചാരിക വിദ്യാഭ്യാസ മേഖലയിൽ മാത്രം പ്രതിഭകൾ ഒതുങ്ങി നിൽക്കുന്നില്ല എന്നും നമുക്കറിയാം. രാജ്യ പുരോഗതി ലക്ഷ്യമാക്കി സ്കിൽ ഡെവലപ്പ്മെന്റും ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റും ഹ്യൂമൻ ക്യാപ്പിറ്റൽ ഡെവലപ്പ്മെന്റും നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളുടെ മികവിനെക്കുറിച്ച് പഠിക്കുകയും ആവശ്യമായ പരിഗണന നൽകി രാജ്യപുരോഗതിക്ക് ഉപയോഗിക്കുകയും വേണം.

ഡബ്ബാ വാലകളെക്കുറിച്ച് കുറിച്ച് കേട്ടിട്ടുണ്ടല്ലോ. മുംബെ നഗരത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം കാട്ടിയ ഇവർ നിരവധി ഗവേഷണങ്ങൾക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലും ഹാർവാർഡ് ബിസിനസ് സ്കൂളിലും കേസ് സ്റ്റഡി ആവുകയും ചെയ്തു. ഗിന്നസ് ബുക്കിലും ഇടംനേടി. ഇതുപോലെ കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന് ജീവൻ രക്ഷകരായ മത്സ്യത്തൊഴിലാളികളെ അന്താരാഷ്‌ട്രശ്രദ്ധയിലേക്ക് കൊണ്ടുവരാൻ നാം ഓരോരുത്തരും ശ്രമിക്കണം.

വി.കെ. അനിൽകുമാർ,

തിരുവനന്തപുരം.