ആറ്റിങ്ങൽ: തോന്നയ്‌ക്കൽ സ്‌കൂൾ തിരഞ്ഞെടുപ്പിലെ തർക്കം എസ്.എഫ്.ഐ - എ.ബി.വി.പി സംഘർഷത്തിൽ കലാശിച്ചു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിന്റെയും എ.ബി.വി.പി ആറ്റിങ്ങൽ മേഖലാ സെക്രട്ടറി ശ്യാമിന്റെയും വീടിനു നേരേ ആക്രമണമുണ്ടായി. പരിക്കേറ്റ ശ്യാം മോഹൻ (24)​,​ അമ്മ രാഗിണി (48)​ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അവിടം സുരക്ഷിതമല്ലെന്ന് കണ്ട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റി.

ഴിഞ്ഞ ദിവസം രാത്രി 11 ഓടെ അക്രമങ്ങൾക്ക് തുടക്കം. കൈപ്പറ്റിമുക്കിലെ വിഷ്ണുവിലാസത്തിൽ ഏഴ് പേരടങ്ങുന്ന അക്രമികൾ ആയുധങ്ങളുമായെത്തി വീടിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇവർ വീട്ടിലെ സാധനങ്ങൾ അടിച്ചുതകർത്തു. അക്രമം നടക്കുമ്പോൾ ശ്യാം മോഹനനും അമ്മ രാഗിണിയും പിതാവ് മോഹനനുമാണ് വീട്ടിലുണ്ടായിരുന്നത്. ശ്യാമിനെ ആക്രമിക്കുന്നത് തടഞ്ഞ അമ്മയെയും ഇവർ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിൽ നൽകിയ മൊഴി. അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.

പുലർച്ചെ 2ഓടെയാണ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിന്റെ കേരാണിയിലെ വീട്ടിലെത്തി ഒരുസംഘം ആക്രമണം നടത്തിയത്. ആയുധങ്ങളുമായെത്തിയ 15 അംഗ സംഘമാണ് ഇതിന് പിന്നിലെന്നാണ് പരാതി. ബഹളംകേട്ട് നാട്ടുകാർ ഒാടിയെത്തിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. ഇവർ മുഖംമൂടി ധരിച്ചിരുന്നെന്ന് നാട്ടുകാർ പറയുന്നു. രണ്ട് പരാതികളിലും ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. മുദാക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റും ചിറയിൻകീഴ് ബ്ലോക്ക് പ‍ഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ഒ.എസ്. അംബികയുടെയും സി.പി.എം ഇടയ്ക്കോട് എൽ.സി സെക്രട്ടറിയും സി.പി.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗവുമായ വാരിജാക്ഷന്റെയും മകനാണ് വിനീഷ്. സംഭവം നടക്കുമ്പോൾ അച്ഛനും അമ്മയും സഹോദരൻ വിനീതുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർക്ക് ചെറിയ പരിക്കുണ്ട്. വിനീഷിന്റെ വീട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സന്ദർശിച്ചു.

തോന്നയ്‌ക്കൽ സ്‌കൂളിലെ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ വിജയിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്നുതന്നെ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും വെല്ലുവിളികളുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിൽ കലോത്സവം നടക്കുന്ന സമയത്ത് പുറത്തിറങ്ങിയ സ്‌കൂൾ ചെയർമാൻ ഉൾപ്പെടെയുള്ള എസ്.എഫ്.ഐ പ്രവർത്തകരെ പുറത്തുനിന്നുമെത്തിയ എ.ബി.വി.പി പ്രവർത്തകർ മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തിരുന്നു. ഇതിന് ശേഷമാണ് ഒരു സംഘം അക്രമികൾ ശ്യാം മോഹനന്റെ അവനവ‍‍ഞ്ചേരി കൈപ്പറ്റിമുക്കിലെ വീട് ആക്രമിച്ചതെന്നാണ് വിവരം. സ്‌കൂളിൽ എ.ബി.വി.പി പ്രവർത്തകരെ കളിയാക്കുകയും ആക്രമിക്കുകയും ചെയ്‌ത എസ്.എഫ്.ഐ പ്രവർത്തകരോട് പ്രശ്‌നം ഉണ്ടാക്കരുതെന്ന് പറയാനും താക്കീതു ചെയ്യാനുമാണ് എ.ബി.വി.പി പ്രവർത്തകർ എത്തിയതെന്നും സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ അവരെ ആക്രമിക്കുകയുമായിരുന്നെന്നുമാണ് എ.ബി.വി.പി ഭാരവാഹികൾ പറയുന്നത്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്‌ വി.എ. വിനീഷിന്റെ വീട് ആക്രമിച്ച സംഭവത്തിൽ ആറ്റിങ്ങൽ ഏരിയയിലെ എസ്.എഫ്.ഐ മുൻ ഭാരവാഹികളുടെയും പ്രവർത്തകരുടെയും കൂട്ടായ‌്മയായ ‘ കനൽ വഴികളിലൂടെ ' പ്രതിഷേധിച്ചു. സംഭവത്തിന്‌ കാരണക്കാരായവരെ ഉടൻ അറസ്റ്റുചെയ്യണമെന്ന് കൂട്ടായ്‌മ ജനറൽ സെക്രട്ടറി എസ്. പ്രവീൺചന്ദ്ര ആവശ്യപ്പെട്ടു.