തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മാദ്ധ്യമങ്ങൾ പൊതുവേ പുരോഗമനപരമായ നിലപാടാണ് സ്വീകരിച്ചതെന്നും സത്യസന്ധമായാണ് പ്രശ്നത്തെ സമീപിച്ചതെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിഷേധാത്മക രീതിയിലൂടെ വിഷയത്തെ സംഘർഷാത്മകമാക്കി മാറ്റാതിരിക്കാൻ മാദ്ധ്യമങ്ങൾ ശ്രദ്ധിച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ മാദ്ധ്യമ അവാർഡുകളുടെ വിതരണവും സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് 2018 ബാച്ചിന്റെ ഉദ്ഘാടനവും നിയമസഭയിലെ മെമ്പേഴ്സ് ലൗഞ്ചിൽ നിർവഹിക്കുകയായിരുന്നു സ്പീക്കർ.
പ്രളയകാലത്ത് ലോക മാദ്ധ്യമപ്രവർത്തനത്തിന് തന്നെ മാതൃകയായ പോസിറ്റീവ് ജേർണലിസത്തിന്റെ അഭിമാനകരമായ സാക്ഷ്യങ്ങളാണ് കേരളത്തിൽ കണ്ടത്. പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളിൽ അഭിപ്രായ രൂപീകരണത്തിന് സമൂഹത്തെ സഹായിക്കുന്നത് മാദ്ധ്യമങ്ങളാണ്. ഈ സ്വാധീനശക്തി ശരിയാണോ വിനിയോഗിക്കുന്നതെന്ന് മാദ്ധ്യമങ്ങൾ ആത്മപരിശോധന നടത്തണം. വാർത്താദാരിദ്ര്യം കാരണം വാർത്തകൾ സൃഷ്ടിക്കുന്നത് ശരിയല്ല. ലോകത്ത് വിസ്‌ഫോടനങ്ങൾ സൃഷ്ടിക്കാതെ ഒരു മാറ്റവും യാഥാർത്ഥ്യമായിട്ടില്ല. മാറ്റങ്ങളെ തുടക്കത്തിൽ മുഖ്യധാര ഒറ്റക്കെട്ടായി പിന്തുണച്ചിട്ടുമില്ല. നവോത്ഥാനത്തിന്റെ ഓർമ്മകൾ ഇന്നത്തെ പ്രശ്നങ്ങളെ നേരിടാൻ കൂടിയാണെന്നും സ്പീക്കർ പറഞ്ഞു.
അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള ഇ.കെ.നായനാർ മാദ്ധ്യമ അവാർഡ് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷിന് സ്പീക്കർ സമ്മാനിച്ചു. ഹൃദയ ചികിത്സയ്ക്കുള്ള സ്‌റ്റെന്റ് വില്പനയിലെ കൊള്ളയെക്കുറിച്ച് കേരളകൗമുദിയിൽ ജനുവരി 23 മുതൽ 29 വരെ പ്രസിദ്ധീകരിച്ച 'ജീവൻരക്ഷയിലും കച്ചവടം' എന്ന പരമ്പരയ്ക്കാണ് 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ്.
പി.ആർ. പ്രവീണ (ഏഷ്യാനെറ്റ്), ഷെബിൻ മെഹബൂബ് (മാദ്ധ്യമം), പി.എസ്. റംഷാദ് (സമകാലിക മലയാളം), കെ.സജീഷ, ഉല്ലാസ് മാവിലായി (മീഡിയ വൺ) എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് എന്നിവരും പങ്കെടുത്തു.