ramesh

തിരുവനന്തപുരം : ശബരിമല പ്രശ്‌നത്തിലുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഗീയ ധ്രുവീകരണത്തിനും സംഘർഷത്തിനും അത് വഴിതെളിക്കും. മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്നതാണോ ഇതെന്ന് ആലോചിക്കണം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന സമീപനമാണ് പിണറായിക്കുള്ളത്. ദേവസ്വം ബോർഡ് വരുതിക്ക് നിൽക്കുന്നില്ലെന്ന് കണ്ടപ്പോൾ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുകയാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ അവസാന വാക്ക് തന്ത്രിയുടേതാണ്. 1993ലെയും 99ലെയും കേസുകളിൽ ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും വിധികളിൽ ഇത് വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി വിചാരിച്ചാൽ വിശ്വാസങ്ങൾ മാറ്രാനാകില്ല. പന്തളം ട്രഷറിയിൽ തിരുവാഭരണം സൂക്ഷിക്കണമെന്ന് അദ്ദേഹം പറയുമോ? ദേവസ്വംബോർഡ് പ്രസിഡന്റിനെ മുക്കാലിയിൽ കെട്ടി അടിക്കുകയാണ്. പാതയോരത്തെ മദ്യഷാപ്പുകൾ പൂട്ടാൻ സുപ്രീംകോടതി വിധിവന്നപ്പോൾ പലതലത്തിൽ പരിശോധന നടത്തി കാബിനറ്റിൽ ചർച്ചചെയ്‌താണ് തീരുമാനമെടുത്തത്. എന്നാൽ ശബരിമല വിഷയത്തിൽ വിധി നടപ്പാക്കാൻ സർക്കാർ ധൃതി കാട്ടി. സുപ്രീംകോടതി വിധിയുടെ പകർപ്പ് സർക്കാരിന് കിട്ടിയോ, ഇക്കാര്യത്തിൽ നിയമോപദേശം തേടിയോ, കാബിനറ്റിൽ ചർച്ച ചെയ്തോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം. സർക്കാർ എടുത്ത നടപടികളുടെ ഫയൽ പുറത്ത് വിടാൻ തയ്യാറാവുമോ.

സ്വയംഭരണാവകാശമുള്ള സ്ഥാപനമാണ് ദേവസ്വംബോർഡ്. അധികാരങ്ങൾ സർക്കാർ ഒന്നൊന്നായി പിടിച്ചെടുക്കുന്ന സാഹചര്യത്തിൽ ബോർഡ് പിരിച്ചുവിടണമെന്നും ചെന്നിത്തല പറഞ്ഞു. ആർ.എസ്.എസിനെയും ബി.ജെ.പിയെയും സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു.

മുല്ലപ്പള്ളിയെ തിരുത്തി ചെന്നിത്തല

തിരുവനന്തപുരം : ശബരിമല പ്രശ്‌നത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ വികാരം കോൺഗ്രസിന് അനുകൂലമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നാണ് രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം മുല്ലപ്പള്ളി വ്യക്തമാക്കിയത്. എന്നാൽ കൊടിപിടിച്ചുള്ള സമരത്തിന് കോൺഗ്രസില്ലെന്നായിരുന്നു ഇന്നലെ വാർത്താസമ്മേളനത്തിൽ ചെന്നിത്തലയുടെ പ്രതികരണം. ഇതോടെ ശബരിമല വിഷയത്തിൽ പാർട്ടിയിലുള്ള ഭിന്നത പുറത്തായി.

ശബരിമല വിഷയത്തിൽ വാഹന - കാൽനട പ്രചാരണ ജാഥകൾ നടത്താനാണ് കോൺഗ്രസ് തീരുമാനം. തുടക്കം മുതൽ കോൺഗ്രസും യു.ഡി.എഫും എടുത്ത നിലപാട് പ്രത്യക്ഷസമരം വേണ്ടെന്നാണ്. അതിൽ മാറ്രമില്ല.

പ്രത്യക്ഷ സമരത്തെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ, അത് നിങ്ങൾ അദ്ദേഹത്തെക്കൊണ്ട് പറയിച്ചതാകാമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. കോൺഗ്രസിനെ സമരത്തിനിറക്കാൻ മാദ്ധ്യമ സിൻഡിക്കേറ്ര് പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.