odakal

കിളിമാനൂർ: മേഖലയിലെ സംസ്ഥാന പാതയിലുൾപ്പെടെയുള്ള ഓടകൾ പലവിധത്തിൽ തകർന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. എം.സി റോഡിൽ നിന്നും എൻ.എച്ചിലേക്ക് പോകുന്ന കിളിമാനൂർ-ആലംകോട് റോഡിലെ ഓടകൾ പലതും തകർന്നു കിടക്കുകയാണ്. സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ഓടയിൽ വാഹനങ്ങൾ പതിക്കുന്നത് പതിവാണ്. ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചിട്ടുള്ള ഓടകൾ തകർന്നതോടെ വെളളം റോഡിലൂടെ ഒഴുകാൻ തുടങ്ങി.

ഇത് റോഡുകൾ തകരുന്നതിനും അപകടങ്ങൾക്കും കാരണമായി. കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡുകൾ പോലും അശാസ്ത്രീയമായ ഓട നിർമ്മാണത്താൽ തകർന്നു. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ കോടികണക്കിന് രൂപ ചെലവിട്ടാണ് സംസ്ഥാന പാതയായ എം.സി റോഡ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി റോഡരികിൽ ഓടകളുടെ നിർമ്മാണവും നടന്നിരുന്നു. രണ്ടടി പോലും വീതിയില്ലാത്ത ഓടകൾ സ്ലാബിട്ട് മൂടാതെയാണ് പലയിടത്തും ഓടനിർമ്മാണം നടന്നത്. മഴക്കാലം ആയതോടെ കുന്നുകളോട് ചേർന്ന് നിർമ്മിച്ച ഓടകളിൽ മണ്ണിടിഞ്ഞ് വീണ് കിടക്കുകയാണ്. സ്വകാര്യ വ്യക്തികൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഓടകൾ മൂടി വഴി ഉണ്ടാക്കിയത് ഓടകളിലെ ജലം ഒഴുക്ക് നിലയ്ക്കുന്നതിന് കാരണമായി. ചിലയിടങ്ങളിൽ ഓടകളിലേയ്ക്ക് കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുകയാണ്. അവ കടുത്ത പരിസരമലിനീകരണത്തിന് കാരണമാകുന്നു. മഴ വെള്ളം റോഡരികിൽ കെട്ടിക്കിടന്ന് കൊതുക് ഉൾപ്പെടെയുള്ളവ പെരുകിയതോടെ സമീപവാസികൾക്ക് ഉറക്കവും നഷ്ടമായി. നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്ന് ഓട വൃത്തിയാക്കാൻ പി.ഡബ്ല്യു.ഡി കരാറുകാരെ ഏൽപ്പിച്ചു. ഇവർ സ്ലാബ് ഇളക്കി മണ്ണ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കോരി ഓടയ്ക്കരുകിലാണ് നിക്ഷേപിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ മഴ പെയ്തതോടെ ഇവയൊക്കെ വീണ്ടും ഓടയിലേക്ക് തന്നെ ഒഴുകിയിറങ്ങി. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയിൽ ഓടയ്ക്കരികിലായി സ്ഥിതി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിലേക്ക് മഴവെള്ളവും മാലിന്യവും ഒഴുകി. തുടർന്ന് വ്യാപാരികൾ സ്വന്തം ചെലവിൽ ഓടയിലെ സ്ലാബുകൾ മാറ്റി ഓട വ്യത്തിയാക്കി.

കിളിമാനൂർ ടൗണിൽ ആലംകോട് റോഡിൽ ഇരുവശത്തും ഓടകൾ നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്.