ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ മരാമത്ത് പണികളുടെ അവലോകനയോഗം അഡ്വ.ബി.സത്യൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ നടന്നു. അയിലം പാലത്തിൽ സുരക്ഷാവേലിനിർമ്മാണം, പെയിന്റിംഗ് എന്നിവ ആരംഭിച്ചതായും കാലാവസ്ഥ അനുകൂലമായാലുടൻ ടാറിങ് നടത്തുമെന്നും പൊതുമരാമത്ത് വകുപ്പിന്റെ പാലംനിർമ്മാണവിഭാഗം അറിയിച്ചു.
കിളിമാനൂർ-ആലംകോട്-മണമ്പൂർ-ഒറ്റൂർ-ചെറുന്നിയൂർ കിഫ്ബി റോഡിന്റെ വീതികൂട്ടലുൾപ്പെടെ മുടക്കമില്ലാതെ നടക്കുന്നുണ്ട്. ആധുനികരീതിയിൽ നിർമ്മിക്കുന്ന പുതശ്ശേരിമുക്ക് കാരേറ്റ് റോഡിലെ ഇലക്ട്രിക്പോസ്റ്റുകൾ മാറ്റാൻ നടപടിതുടങ്ങിയതായി പഞ്ചായത്തധികൃതർ അറിയിച്ചു.
പുതിയകാവ്-തകരപ്പറമ്പ് റോഡ്, കിളിമാനൂർ പോലീസ് സ്റ്റേഷൻ റോഡ് എന്നിവയുടെ പണികൾ ഇഴയുകയാണെന്ന് പരാതിയുണ്ടായി. പണികൾ ഊർജ്ജിതമാക്കാൻ എം.എൽ.എനിർദ്ദേശം നൽകി.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.നവപ്രകാശ്, ആർ.സുഭാഷ്, എം.രഘു, അമ്പിളിപ്രകാശ് , പൊതുമരാമത്ത്, റവന്യു, ദേശീയപാത, കെ.എസ്.ഇ.ബി, വാട്ടർഅതോറിറ്റി, കിഫ്ബി എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.