തിരുവനന്തപുരം: പ്രളയദുരന്തത്തിൽ വീട് പൂർണമായി തകർന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള തുകയും കേന്ദ്രവിഹിതവും ചേർത്ത് നാല് ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 75ശതമാനവും അതിന് മുകളിലും നാശമുണ്ടായ വീടുകളെ പൂർണമായി തകർന്നതായി കണക്കാക്കും. തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിന് മാത്രം ആയിരം കോടി നീക്കിവയ്ക്കും.
ഭാഗികമായി തകർന്ന വീടുകളെ നാലായി തിരിച്ചാണ് നഷ്ടപരിഹാരത്തുക ഉയർത്തിയത്. 10,000 രൂപ മുതൽ രണ്ടര ലക്ഷം വരെയാണ് ലഭിക്കുക. 15 ശതമാനം നാശമുണ്ടായ വീടുകൾക്ക് ഇപ്പോഴത്തെ 4,800 രൂപയ്ക്ക് പകരം 10,000 രൂപ നൽകും. കേന്ദ്ര മാനദണ്ഡമനുസരിച്ച് പൂർണമായി തകർന്ന വീടുകൾക്ക് മലയോരപ്രദേശങ്ങളിൽ 1,01,900 രൂപയും സമതലപ്രദേശങ്ങളിൽ 95,100 രൂപയുമാണ് ദുരന്തപ്രതികരണ നിധിയിൽ നിന്ന് നൽകിവരുന്നത്. ഇത് മേഖലാ വ്യത്യാസമൊഴിവാക്കിയാണ് എല്ലാവർക്കും നാല് ലക്ഷമാക്കുന്നത്. ദുരിതാശ്വാസനിധിയിൽ നിന്ന് ഇതിനായി മലയോരമേഖലയിൽ 2,98,100രൂപയും സമതലപ്രദേശങ്ങളിൽ 3,04,900 രൂപയും ഓരോ വീടിനുമായി നീക്കിവയ്ക്കേണ്ടിവരും.
എല്ലാ തുകകളും വീട്ടുടമകളായ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ ഓൺലൈനായി നൽകും. മൊത്തം 2.43ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം കിട്ടും. വീടുകളുടെ നഷ്ടപരിഹാരത്തുക വിതരണത്തിന്റെ ഉദ്ഘാടനപരിപാടികൾ ജില്ലകളിൽ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ ഒരുക്കാൻ മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.
കേന്ദ്ര ദുരന്തപ്രതികരണ നിധിയിൽ നിന്ന് 450 കോടി മാത്രമാണ് പ്രകൃതിദുരന്തത്തിനിരയായവർക്കുള്ള നഷ്ടപരിഹാര ഇനത്തിൽ നൽകുന്നത്. നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കൂടുതൽ തുക അനുവദിക്കാൻ തീരുമാനിച്ചത്. ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കാൻ തദ്ദേശഭരണ എൻജിനിയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് പൂർത്തിയായിട്ടില്ല.
തകർന്ന വീടുകൾക്കുള്ള നഷ്ടപരിഹാരം
16- 29 % നാശം- 60,000രൂപ
30- 59 % നാശം- 1.25ലക്ഷം
60- 74 % നാശം- 2.50ലക്ഷം
75 % ത്തിന് മുകളിൽ- 4 ലക്ഷം