തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ പലതവണ അഭിപ്രായം മാറ്റി അഴകൊഴമ്പൻ നിലപാടുമായി നിന്നിരുന്ന ദേവസ്വംബോർഡ് മുഖ്യമന്ത്രിയുടെ പ്രസംഗത്തോടെ ഒടുവിൽ കോടതിയിൽ ഒരുവിധ റിപ്പോർട്ടും കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകുമെന്നാണ് കഴിഞ്ഞ ദിവസം ബോർഡ് പ്രസിഡന്റ് പദ്മകുമാർ പറഞ്ഞിരുന്നത്.എന്നാൽ ഈ നീക്കത്തിന് സർക്കാരിന്റെ പിന്തുണ കിട്ടില്ലെന്ന് ബോദ്ധ്യമായതോടെയാണ് തീരുമാനത്തിൽ പിൻവലിഞ്ഞത്.നിലയ്ക്കൽ യോഗത്തിൽ പങ്കെടുക്കാതെ ഇന്നലെ ബോർഡ് ആസ്ഥാനത്ത് യോഗം ചേരാനും തീരുമാനിച്ചു.ബോർഡിന്റെ നിലപാട് അറിയിക്കാമെന്ന് മാദ്ധ്യമങ്ങൾക്ക് പ്രസിഡന്റ് സൂചന നൽകിയിരുന്നു.എന്നാൽ ഇന്നലെ യോഗം ചേർന്നില്ല.
പത്തനംതിട്ടയിലെ പ്രസംഗത്തിലാണ് ബോർഡിനെതിരെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചത്. നവംബർ 13 ന് സുപ്രീംകോടതി കേസ് പരിഗണിച്ച ശേഷം മറ്റുകാര്യങ്ങൾ ആലോചിക്കുമെന്ന് ബോർഡ് അംഗം കെ.പി.ശങ്കരദാസ് പറഞ്ഞു.മണ്ഡലമകരവിളക്ക് കാലത്ത് ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിലാണ് ബോർഡ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
കോടതിയെ സമീപിക്കുന്ന കാര്യത്തിൽ പ്രസിഡന്റിനും ബോർഡ് അംഗങ്ങൾക്കും തുടക്കത്തിലെ വ്യത്യസ്ത നിലപാടുള്ളതായി സൂചനയുണ്ടായിരുന്നു.ഇതിനിടെ ഒരു അംഗത്തിന്റെ കാലാവധിയും അവസാനിച്ചു.