school

കാട്ടാക്കട:ഇരുകാലുകളും തളർന്ന സഹപാഠിയ്ക്ക് ജീവിതവഴി തെളിച്ചുനൽകിയ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ശ്രമത്തിന് നൂറിൽ നൂറ് മാർക്ക്. ആര്യനാട് കൊക്കോട്ടേല മൈലമൂട്ടിൽ രമണിയ്ക്കാണ് എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികളുടെ സഹായം ജീവിതവഴി തുറന്നുനൽകിയത്. കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ.വി.എച്ച്.എസ് സ്കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ "സ്കൂൾഡേയ്സ് 94" ന്റെ നേതൃത്വത്തിൽ കൂട്ടുകാരുടെ സംഭാവനയായി കോഴി ഫാം നിർമ്മിച്ചു നൽകുകയായിരുന്നു. രമണിയെ പോലെ തന്നെ അംഗപരിമിതനാണ് ഭർത്താവ് അശോകനും. സ്വയം തൊഴിൽ പദ്ധതിയായി മുന്നൂറ് കോഴികൾ വളർത്താവുന്ന 400 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കോഴി ഫാം ഒരു ലക്ഷത്തി അൻപതിനായിരം രൂപ മുടക്കി സഹപാഠികൾ നിർമ്മിച്ചു നൽകുകയായിരുന്നു. റയിൻബോ റൂസ്റ്റർ ഇനത്തിൽപ്പെട്ട സങ്കരയിനം കോഴികൾ രണ്ട് മാസങ്ങൾക്ക് മുൻപ് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വച്ച് കൈമാറിയിരുന്നു. വിദേശത്ത് ജോലി നോക്കുന്ന സുഹൃത്തുക്കളായ ബൻകെ ജഡ്സൺ,ഫസീലനസീർ, മുഹമ്മദ് താഹകാപ്പുകാട്,സജു ഉത്തരംകോട്, സുർജിത് പരുത്തിപ്പള്ളി തുടങ്ങിയവരാണ് ഈ കുടുംബത്തിന് കോഴികളെ എത്തിച്ചു നൽകിയത്.ഇറച്ചിയ്ക്ക് പാകമായ കോഴികളുടെ ആദ്യ വിൽപ്പന വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം മിനി നിർവഹിച്ചു. പ്രവീൺ കുറ്റിച്ചൽ, സമീർ സിദ്ദീഖി.പി,രാകേഷ് വേലപ്പൻ,പ്രദീപ് കുമാർ,കുമാര ദാസ്,അജി പള്ളിത്തറ,സുനിൽ കുമാർ,ബൈജു,വിപിന കുമാരി,ലേഖ റോയ്,ഗീത,സുജ,വിനോദ്,ഹബീബ്,ദീപക് കൊക്കോട്ടേല തുടങ്ങിയവർ പങ്കെടുത്തു.