നേമം: വിവധ വകുപ്പുകളുടെ അവഗണന കാരണം വെള്ളായണിയിലെ നിലമക്കരി പാടശേഖരത്ത് ഇത്തവണ വിത്തെറിയാൻ സാധിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. ഇടത്തോടുകൾ വൃത്തിയാക്കൽ ജോലികൾ കൃഷി വകുപ്പും പമ്പിന്റെ അറ്റകുറ്റപ്പണികൾ ചെറുകിട ജലസേചന വകുപ്പുമാണ് നടത്തേണ്ടത്. എന്നാൽ രണ്ട് വകുപ്പുകളും സഹായം നൽകാതെ മുഖം തിരിച്ചു നിൽക്കുകയാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ കൃഷി ഇറക്കിയത്. അന്ന് 20 ഹെക്ടറിൽ കൃഷിയിറക്കി വിജയിച്ച കർഷകർക്കാണ് ഇത്തവണ യാതൊരു നിർവാഹവുമില്ലാത്തത്. പ്രദേശത്തെ മറ്റു മൂന്നു പാടശേഖരങ്ങളും കല്ലിയൂർ പഞ്ചായത്തിന്റെ കീഴിലാണ്. എന്നാൽ നിലമക്കരി പാടശേഖരം കോർപറേഷന്റെ പരിധിയിലാണ്. നേമം കൃഷി ഓഫീസിൽ നിന്നാണ് കർഷകർക്കുള്ള വിത്ത്, വളം വിതരണം, ധന സഹായം തുടങ്ങിയവ നൽകേണ്ടത്. എന്നാൽ കൃഷിയിറക്കുന്നതിന് സാമ്പത്തിക സഹായം ഉൾപ്പെടെ ഒന്നും തന്നെ നൽകി തുടങ്ങിയിട്ടില്ല. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ കൃഷിയിറക്കിയ നാല് ഹെക്ടറും പൂർണമായും നഷ്ടമായപ്പോൾ കൃഷി വകുപ്പിൽ നിന്നു സഹായം ഒന്നും ലഭിച്ചില്ല. കൃഷി ഓഫീസിൽ പല തവണ കയറിയിറങ്ങിയെങ്കിലും യാതൊരു ഉറപ്പും അവിടെ നിന്നു ലഭിച്ചിട്ടില്ല. പ്രളയത്തെ തുടർന്ന് മോട്ടോറും പമ്പും കേടായി. ഇത് പ്രവർത്തിപ്പിക്കുന്നതിന് ചെറുകിട ജലസേചന വകുപ്പ് നടപടികൾ ആരംഭിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്. ''നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോഴേക്കും വിഷുവിന് മുമ്പ് വിളവെടുക്കാൻ സാധിക്കാതെ വരും. കൂടാതെ വൈകി കൃഷിയിറക്കിയാൽ ഉദ്ദേശിച്ച വിളവ് ലഭിക്കാതെ നാശനഷ്ടമുണ്ടാവാൻ സാദ്ധ്യതയുണ്ട് - കർഷകർ ''പ്രദേശത്തെ പാടശേഖരങ്ങൾക്കുള്ള എല്ലാ പമ്പുകളുടെയും അറ്റകുറ്റപ്പണികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എൻജിനിയർ ഓഫീസിലേക്ക് അയച്ചു. - സുരേഷ് (പള്ളിച്ചൽ അസി.എൻജിനിയർ) ''കഴിഞ്ഞ തവണയിൽ നിന്ന് മെച്ചപ്പെട്ട് ഉത്തവണ 45 ഹെക്ടറിൽ കൃഷിയിറക്കുന്നതിന് കൂടുതൽ കർഷകർ മുന്നോട്ടു വന്നപ്പോഴാണ് വകുപ്പിന്റെ ഭാഗത്തു നിന്ന് ഇത്തരം അവഗണനയുണ്ടായത്. -ബിജു (പാടശേഖര കമ്മിറ്റി അംഗം) കൃഷി ഇറക്കിയത് 10 വർഷത്തിന് ശേഷം