വെളളറട: മലയോരമേഖലയിലെ റബർ കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരമില്ല.തുടരെത്തുടരെയുള്ള വിലയിടിവാണ് കർഷകരെ ദുരിതത്തിലാക്കിയത്.ഉത്പാദനച്ചെലവിന് ആനുപാതികമായ വിലനൽകി സർക്കാർ റബർ സംഭരിച്ച് മലയോരത്ത് റബർ അതിഷ്ഠിത വ്യവസായശാലകൾ സ്ഥാപിച്ചാൽ കർഷകരുടെ ദുരിതങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കർഷകർ പറയുന്നത്.മലയോരമേഖല കേന്ദ്രീകരിച്ച് റബർ അതിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കുമെന്ന രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. റബർ വ്യവസായശാലകൾ പോയിട്ട് ഒരു ചെറുകിട വ്യവസായം പോലും മലയോരഗ്രാമത്തിലില്ലെന്നാണ് ജനസംസാരം. മലയോരത്ത് ഉത്പാദിപ്പിക്കുന്ന റബർ പാലും ഷീറ്റും അതിർത്തി കടന്ന് അന്യ സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. ഇവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് വൻകിട കമ്പനികൾ വാങ്ങുകയാണ്.കൊണ്ടു പോകുന്ന റബർ ഉത്പന്നങ്ങളായി വിപണിയിലെത്തുമ്പോൾ കൂടിയ വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയയാണ് നമ്മുടേത്. ഉത്പാദിപ്പിക്കപ്പെടുന്ന റബറിന് ന്യായവില നൽകി സംഭരിക്കാൻ പോലും സംവിധാനമില്ല. മാർക്കറ്റ് വിലയിൽ നിന്നും ചെറുകിട വ്യാപാരികൾ പറയുന്ന വിലയ്ക്ക് വിൽക്കാൻ മാത്രമേ കർഷകർക്ക് രക്ഷയുള്ളു.ഇതു കാരണം കർഷകർക്കു ഉത്പാദന ചെലവുപോലും ലഭിക്കുന്നില്ല.ലാഭകരമായ ഒരു കൃഷി ഇപ്പോൾ സർക്കാരിന്റെ പിടിപ്പുകേടിൽ തകരുകയാണെന്നാണ് മലയോര കർഷകർ വേവലാതിപ്പെടുന്നത്.