adharam

തിരുവനന്തപുരം: ആധാര പണയങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും തിരിച്ചെടുക്കുന്നതിനും പണയം ഒഴിയുന്നതിനും ഈടാക്കുന്ന രജിസ്ട്രേഷൻ ഫീസ് ഒരേനിരക്കായി കുറയ്ക്കുന്ന നിയമഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. പുതിയ ഫീസ് ഘടന ഉടൻ നിലവിൽവരും.

വസ്തുവിന്റെയോ വീടിന്റെയോ ആധാരം പണയമായി രജിസ്റ്റർ ചെയ്ത് ബാങ്കിൽ നിന്ന് വായ്പയെടുക്കുമ്പോൾ തുകയുടെ 0.1 ശതമാനമാണ് ഫീസായി ഈടാക്കുന്നത്. തിരിച്ചെടുക്കുകയോ പണയമൊഴിയുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ തുകയുടെ രണ്ട് ശതമാനം നൽകണം. ഇതും 0.1 ശതമാനമാക്കാനാണ് തീരുമാനം. വീട് പണയം വച്ച് 10 ലക്ഷം രൂപ വായ്പയെടുത്തയാൾ തിരിച്ചെടുക്കുന്ന വേളയിൽ 20,000 രൂപ ഫീസിനത്തിൽ നൽകേണ്ടി വരുന്നത് ഇനി ആയിരം രൂപയായി കുറയും.

വ്യാപാര വ്യവസായ ആവശ്യങ്ങൾക്കായി പൊതുമേഖലാ ബാങ്കുകളിൽ ആധാരം പണയപ്പെടുത്തി അഞ്ച് ലക്ഷം വരെ വായ്പയെടുക്കുമ്പോൾ തുകയുടെ 0.5 ശതമാനം മുദ്രപത്ര വിലയിനത്തിൽ നൽകാനും ഭേദഗതി വ്യവസ്ഥയുണ്ട്. 50 ലക്ഷം രൂപ വരെയുള്ള ഇടപാടിന് മുദ്രപ്പത്ര വിലയിനത്തിൽ 10,000 രൂപയും, 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ളതിന് 25,000 രൂപയും നൽകണം. പണയം റദ്ദാക്കുമ്പോഴും തിരികെയെടുക്കുമ്പോഴും മുദ്രപ്പത്ര ഫീസില്ല.