pinarayi

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ സന്ദർശനം മുടങ്ങിയ സാഹചര്യത്തിൽ കേരള പുനർനിർമാണത്തിൽ പ്രവാസികൾ വാശിയോടെ പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

അമേരിക്കൻ മലയാളി സംഘടനാ പ്രതിനിധികളുമായി ധനസമാഹരണം സംബന്ധിച്ച വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിലവ് പരിഗണിക്കുമ്പോൾ സഹായമായി ജനങ്ങളിൽ നിന്ന് ലഭിച്ച തുക ചെറുതാണ്.17,000 ത്തിലേറെ വീടുകൾ പൂർണ്ണമായി തകർന്നിട്ടുണ്ട്. വീടിന് കേന്ദ്രം നൽകുന്നത് 95,000 രൂപയാണ്. സംസ്ഥാനം നൽകുന്നത് നാലു ലക്ഷവും.ഒരു കിലോമീറ്റർ മികച്ച റോഡ് പണിയാൻ രണ്ടു കോടി വേണം.കേന്ദ്രം അനുവദിക്കുന്നത് ഒരു ലക്ഷവും.ഈ സാഹചര്യത്തിലാണ് ലോകത്താകെയുള്ള മലയാളി സഹോദരങ്ങളിൽനിന്ന് ഫണ്ട് സമാഹരിക്കാൻ തീരുമാനിച്ചത്.

സർക്കാരിനെ സംബന്ധിച്ച് എത്ര ചെറിയ തുകയും വലുതാണ്.ഓരോരുത്തരും കഴിവിനനുസരിച്ച് പങ്കാളികളാവട്ടെ. നാശ നഷ്ടത്തിന്റെ വിശദാംശങ്ങൾ rebuild.kerala.gov.in എന്ന പോർട്ടലിലുണ്ട്.

നോർക്ക റൂട്ട്‌സ് ഡയറക്ടർ ഡോ.എം. അനിരുദ്ധൻ, പോൾ ഇഗ്‌നേഷ്യസ് (ബോസ്റ്റൺ), റയിസ് നമ്പത്ത് പൊന്നൻ (സാൻഫ്രാൻസിസ്‌കോ), ജോൺ ഐസക്, തോമസ് പി. മാത്യു, ഫിലിപോസ് ഫിലിപ്പ്, യു.എ. നസീർ (ന്യൂയോർക്ക്), അനിയൻ ജോർജ് (ന്യൂജഴ്‌സി), എ.പി. ഹരിദാസ് (ഡള്ളസ്), കെ.എസ്. ഷിബു (നാഷ് വിൽ), പീറ്റർ കുളങ്ങര, അരുൺ സൈമൺ, റോയ് മുളങ്കുന്ന് (ഷിക്കാഗോ), നരേന്ദ്രകുമാർ, ജോസ് എബ്രഹാം തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് ധനസമാഹരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു.