cbi-kiliroor

തിരുവനന്തപുരം: കവിയൂർ ശ്രീ വല്ലഭക്ഷേത്രത്തിലെ മുൻ മേൽശാന്തി നാരായണൻ നമ്പൂതിരിയും കുടുംബവും കൂട്ട ആത്മഹത്യചെയ്ത കേസിന്റെ തുടരന്വേഷണത്തിന്റെ റിപ്പോർട്ട് കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബർ 17 ന് തന്നെ ഹാജരാക്കണം എന്ന് പ്രത്യേക സി.ബി.എെ കോടതി ഉത്തരവിട്ടു.

തുടരന്വേഷണം അവസാനഘട്ടത്തിൽ ആയതിനാൽ റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമെന്ന സി.ബി.എെ ആവശ്യം കോടതി തളളി.ഏക പ്രതിയായ ലതാ നായർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സി.ബി.എെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നത്. നമ്പൂതിരിയുടെ മൂത്ത മകൾ അനഘ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ലതാ നായർ സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് അനഘയെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾക്കും സിനിമാക്കാർക്കും കാഴ്ചവച്ചു എന്നായിരുന്നു നാരായണൻ നമ്പൂതിരിയുടെ കുടുംബം ആരോപിച്ചിരുന്നത്. അതുകൊണ്ട് തന്നെ കുടുംബം തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. സി.ബി.എെയുടെ മൂന്ന് അന്വേഷണത്തിലും അനഘയെ പീഡിപ്പിച്ചത് പിതാവായ നാരായണൻ നമ്പൂതിരിയാണെന്നാണ് കണ്ടെത്തിയത്. മൂന്ന് തവണയും കോടതി അന്വേഷണ റിപ്പോർട്ടുകൾ തളളി തുടരന്വേഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു.

2004 സെപ്തംബർ 28 നാണ് കവിയൂരിലെ വാടക വീട്ടിൽ നാരായണൻ നമ്പൂതിരിയെ തൂങ്ങി മരിച്ച നിലയിലും ഭാര്യ ശോഭന, മൂത്ത മകൾ അനഘ, ഇളയ മകൾ അഖില മകൻ അക്ഷയ് എന്നിവരെ വിഷം കഴിച്ച് മരിച്ച നിലയിലും കണ്ടത്.