തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ്ചാൻസലറായി ഒപ്ടോ ഇലക്ട്രോണിക്സ് പ്രൊഫസറും കേരള യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് സയൻസ് ഡീനുമായ ഡോ.വി.പി.മഹാദേവൻ പിള്ളയെ (59) ഗവർണർ പി.സദാശിവം നിയമിച്ചു.കാര്യവട്ടം കാമ്പസിലാണ് ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നത്. നാലുവർഷമാണ് കാലാവധി. കഴിഞ്ഞ വർഷം സെപ്തംബറിൽ ഡോ.പി.കെ.രാധാകൃഷ്‌ണൻ വിരമിച്ചശേഷം സർവകലാശാലയിൽ ഇൻ-ചാർജ് ഭരണമായിരുന്നു.

തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശിയാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും എം.ഫിലും പിഎച്ച്.ഡിയും നേടിയശേഷം 1982ൽ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിൽ ജൂനിയർ ലക്ചററായി. 2001ൽ കേരള സർവകലാശാലാ ഒപ്ടോഇലക്ട്രോണിക്സ് വിഭാഗത്തിൽ ലക്ചററായി. 2005ലാണ് പ്രൊഫസറായത്. കേരളയിലെ ഒപ്ടോ ഇലക്ട്രോണിക്സ് ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാനും നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി ബോർഡ് ഒഫ് സ്റ്റഡീസ് അംഗവുമാണ്. വിവിധ യൂണിവേഴ്സിറ്റികളിൽ ബോർഡ് ഒഫ് സ്റ്റഡീസ് അംഗമായിട്ടുണ്ട്. കേരളയിൽ അക്കാഡമിക് കൗൺസിൽ അംഗം, സെനറ്റംഗം, എക്സിക്യുട്ടീവ് കൗൺസിലംഗം, സി.എസ്.എസ് അക്കാഡമിക് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ, ഒപ്‌റ്റിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ, ഇന്ത്യൻ ലേസർ അസോസിയേഷൻ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഐ.എസ്.ആർ.ഒയിൽ സ്പെഷ്യൽ ടാസ്ക് കമ്മിറ്റിയംഗമായിരുന്നു. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ അക്കാഡമിക് കമ്മിറ്റിയംഗവും കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജ് അക്കാഡമിക് കൗൺസിലിലെ സർവകലാശാലാ പ്രതിനിധിയുമാണ്.