തിരുവനന്തപുരം: സുപ്രീംകോടതിയുടെ യുവതീപ്രവേശന ഉത്തരവ് നടപ്പാക്കാൻ തീർത്ഥാടകരെ 14 മണിക്കൂറിൽ കൂടുതൽ സന്നിധാനത്തു തങ്ങാൻ അനുവദിക്കരുതെന്ന് പൊലീസ് ശുപാർശ ചെയ്യും. സന്നിധാനത്ത് ഒരു ദിവസത്തിൽ കൂടുതൽ മുറി അനുവദിക്കരുത്. മണ്ഡല- മകരവിളക്ക് തീർത്ഥാടനം ആരംഭിക്കുന്ന നവംബർ 16 മുതൽ നിയന്ത്റണം നടപ്പാക്കണമെന്നും ആഭ്യന്തര വകുപ്പിനും ദേവസ്വം ബോർഡിനും ശുപാർശ നൽകാൻ പൊലീസ് ഉന്നതതല യോഗം തീരുമാനിച്ചു.
തുലാമാസ പൂജക്കാലത്ത് അക്രമം നടത്തിയവരെ പിടികൂടാൻ ജില്ലാ തലങ്ങളിൽ എസ്. പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിക്കും. അക്രമങ്ങളിൽ ഉൾപ്പെട്ടവരുടെ വീഡിയോ അടങ്ങിയ വിവരങ്ങൾ പ്രത്യേക സംഘങ്ങൾക്കു കൈമാറും. പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമങ്ങളിൽ രജിസ്റ്റർ ചെയ്ത 146 കേസുകളിലെ പ്രതികളെയും എത്രയും വേഗം പിടികൂടും. കൂടുതൽ അക്രമികളെ തിരിച്ചറിഞ്ഞാൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും.നവംബർ അഞ്ചിനു ചിത്തിര ആട്ടവിളക്കിനായി നട തുറക്കുമ്പോൾ പ്രത്യേക നിയന്ത്റണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് 29നു ചേരുന്ന പൊലീസ് ഉന്നതതല യോഗം തീരുമാനിക്കും. തീർത്ഥാടകർക്ക് ഓൺലൈൻ രജിസ്ട്രേഷനും സർക്കാർ ആലോചിക്കുന്നുണ്ട്.
ഇന്നലെ രാവിലെ 11നോടെ മുഖ്യമന്ത്റി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ പൊലീസിന്റെ ശബരിമല ഉന്നത തല യോഗം ചേരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ശബരിമലയിൽ അടിയന്തരമായി ചേരേണ്ടതില്ലെന്ന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം പൊലീസ് മേധാവിയെ വിളിച്ചു വരുത്തി മുഖ്യമന്ത്റി അറിയിക്കുകയായിരുന്നു.
മണ്ഡല കാലത്ത് വനിതാ പോലീസിനെ നിയോഗിക്കുന്നതിൽ യോഗത്തിൽ തീരുമാനമായില്ല. സന്നിധാനത്തെ ഡ്യൂട്ടിക്ക് ഭൂരിഭാഗം വനിതാ പൊലീസുകാരും തയ്യാറാകാത്ത സാഹചര്യമുണ്ട്. 29ന്റെ യോഗത്തിൽ ഇക്കാര്യവും ചർച്ച ചെയ്യും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വനിതകളടക്കം പൊലീസുകാർ എത്തും. പതിനെട്ടാം പടിയിലെ നിയന്ത്റണങ്ങളും സുരക്ഷയും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് ആസ്ഥാനത്തെ ഐജിയോട് നിർദ്ദേശിച്ചു.