കല്ലമ്പലം: പുസ്‌തകക്കുടുക്കകളിൽ സൂക്ഷിച്ച നാണയങ്ങൾ ചേർത്തുവച്ച് കുട്ടികൾ വീടുകളിൽ ലൈബ്രറി നിർമ്മിച്ചു. തോട്ടയ്ക്കാട് ഗവൺമെന്റ് എൽ.പി.എസിലെ കുരുന്നുകളുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് വിജയം കണ്ടത്. രണ്ടാം ക്ലാസുകാരിയായ കൃഷ്ണപ്രിയയുടെ വീട്ടിൽ വച്ച് കവി ഗിരീഷ് പുലിയൂർ ഗ്രന്ഥപുരയുടെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ അക്കാഡമിക വർഷത്തിലെ വായനാദിനത്തിൽ അദ്ധ്യാപകരാണ് കുരുന്നുകൾക്ക് പുസ്തകക്കുടുക്കകൾ സമ്മാനിച്ചത്. കുട്ടികളിൽ സമ്പാദ്യശീലവും വായനാശീലവും വളർത്തുകയായിരുന്നു ലക്ഷ്യം. ഓരോ ഘട്ടത്തിലും പുസ്തകകുടുക്കകളിൽ വീഴുന്ന സമ്പാദ്യത്തിന്റെ വിലയിരുത്തൽ നടത്തിയിരുന്നു. ഈ വർഷം വായനാദിനത്തോടനുബന്ധിച്ചു വിദ്യാലയത്തിലെത്തിയ സാംസ്കാരികവകുപ്പിന്റെ പുസ്തകവണ്ടിയിൽ നിന്ന് എല്ലാ കുട്ടികളും അദ്ധ്യാപകരുടെയും പി ടി എ യുടെയും രക്ഷകർത്താവിന്റെയും സാന്നിദ്ധ്യത്തിൽ പുസ്തകങ്ങൾ വാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ് ദീപ,വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,ലിസിശ്രീകുമാർ,വാർഡ് മെമ്പർ വിലാസിനി,പി ടി എ പ്രസിഡന്റ് റിജു, ഹെഡ്മിസ്ട്രസ് പ്രിയ, മുൻ പ്രധാനദ്ധ്യാപകൻ കെ.വി വേണുഗോപാൽ, ഗോപിനാഥൻ ആശാരി, ബാബു,അദ്ധ്യാപകരായ ഷമീന, ഷൈലജ അരുൺദാസ്, ഷൈന ലിജി തുടങ്ങിയവർ സംസാരിച്ചു.