ചാമ്പ്യൻസ് ലീഗിൽ യുവന്റസ് 1-0 ത്തിന്
മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി
മത്സരഫലങ്ങൾ
യുവന്റസ് 1-മാൻ. യു. 0
അയാക്സ് 1-ബെൻഫിക്ക 0
ഹോഫൻഹേം 3-ലിയോൺ 3
റയൽ 2-വിക്ടോറിയ 1
റോമ 3 - മോസ്കാവ 0
മാൻ സിറ്റി 3-ഷാക്‌തർ 0
ബയേൺ 2- ഏതൻസ് 0
യംഗ്ബോയ്സ് 1-വലൻസിയ 1
മാഞ്ചസ്റ്റർ : തന്റെ പഴയ കളിമുറ്റത്തേക്കുള്ള തിരിച്ചുവരവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ചില്ലെങ്കിലും ഗോളിന് വഴിയൊരുക്കിയതോടെ യുവന്റസിന് ഇൗ സീസൺ ചാമ്പ്യൻസ് ലീഗിലെ മൂന്നാം മത്സരത്തിലും വിജയം.
കഴിഞ്ഞ രാത്രി മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറ്റാലിയൻ ക്ളബ് കീഴടക്കിയത്. മത്സരത്തിന്റെ 17-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോയുടെ ക്രോസിൽ നിന്ന് അർജന്റീന യുവതാരം പൗളോ ഡിബാല നേടിയ ഗോളിനാണ് യുവന്റസ് വിജയിച്ചത്. വലതു കോർണറിൽനിന്ന് ക്വാർഡാഡോയെ ലക്ഷ്യമാക്കി ക്രിസ്റ്റ്യാനോ നൽകിയ ക്രോസ് ക്വാർഡ്വാഡോയ്ക്ക് കണക്ട് ചെയ്യാൻ കഴിയാതെ വന്നപ്പോൾ പിന്നിലുണ്ടായിരുന്ന ഡിബാല ഒാടിക്കയറി വലയിലേക്ക് തട്ടിയിടുകയായിരുന്നു മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ യുവന്റിന് ഗോളടിക്കാൻ പിന്നീടും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല
വമ്പൻമാരായ ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് തുടങ്ങിയവരും വിജയങ്ങൾ സ്വന്തമാക്കി. സ്പാനിഷ് ലാലിഗയിൽ തുടർ പരാജയങ്ങളാൽ വലയുന്ന റയൽ വിക്ടോറിയ പ്ളസണെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കീഴടക്കിയത്. 11-ാം മിനിട്ടിൽ കരിം ബെൻസേമയും 55-ാം മിനിട്ടിൽ മാഴ്സലോയുമാണ് റയലിന്റെ ഗോളുകൾ നേടിയത്. 78-ാം മിനിട്ടിൽ ഹോറോവ്‌സ്‌കിയാണ് വിക്ടോറിയയുടെ ആശ്വാസ ഗോൾ നേടിയത്.
ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഷാക്‌തർ ഡോണെസ്കിനെയാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. 30-ാം മിനിട്ടിൽ ഡേവിഡ് സിൽവ, 35-ാം മിനിട്ടിൽ ലാപോർട്ടെ 70-ാം മിനിട്ടിൽ ബെർണാഡോ സിൽവ എന്നിവരാണ് സിറ്റിക്കുവേണ്ടി സ്കോർ ചെയ്തത്. ഇറ്റാലിയൻ ക്ളബ് എ.എസ് റോമയും ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വിജയം കണ്ടു. സി.എസ്.കെ എ മോസ്കോവയെയാണ് റോമ കീഴടക്കിയത്. എഡിൻ സെക്കോ ഇരട്ട ഗോളുകൾക്ക് ഉടമയായപ്പോൾ ഇൻഡാർ ഒരു ഗോൾ നേടി.
ഡച്ച് ക്ളബ് അയാക്സ് ഏകപക്ഷീയമായ ഒരു ഗോളിന് ബെൻഫിക്കയെ കീഴടക്കി. ഹോഫർ ഹേമും ഒളിമ്പിക് മിയോണും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ബയേൺ മ്യൂണിക് 2-0 ത്തിന് എ.ഇ.കെ ഏതൻസിനെയാണ് തോൽപ്പിച്ചത്. യാവി മാർട്ടിനെസും ലെവാൻഡോവ്‌സ്കിയുമാണ് സ്കോർ ചെയ്തത്. യംഗ് ബോയ്സ് 1-1ന് വലൻസിയയെ സമനിലയിൽ തളച്ചു