kannetmukku
കണ്ണേറ്റുമുക്കിനും ജഗതിയ്ക്കുമിടയിൽ ഓടയ്ക്കു വേണ്ടി വീടിന് മുന്നിൽ കുഴിയെടുത്ത് നിർമ്മാണം നിർത്തിവച്ചിരിക്കുന്ന അവസ്ഥയിൽ

നേമം: കണ്ണേറ്റ്മുക്ക് ജഗതിയിൽ ഓട നിർമ്മാണം തകൃതിയിൽ നടക്കുകയാണെങ്കിലും ഇതു മുറിച്ച് കടക്കണമെങ്കിൽ നാട്ടുകാർക്ക് സർക്കസ് പഠിക്കേണ്ട അവസ്ഥയിലാണ്. ഡ്രെയിനേജ് കിണറുകളുടെ അരികിലൂടെ കടന്നു പോവുന്ന സ്ഥലങ്ങളിൽ നിർമ്മിച്ച ഓടകളിൽ സ്ലാബ് ഇടാൻ സാധിക്കാത്തതാണ് കാരണം. 25ഓളം വീട്ടുകാരാണ് ഇതിന്റെ ബുദ്ധമുട്ടുകൾ അനുഭവിക്കുന്നത്. നാഷണൽ ഹൈവേ അതോറിട്ടിയാണ് ഓട നിർമ്മിക്കുന്നത്.

നിർമ്മാണം നടത്തുന്നതിന് കുഴിയെടുക്കുമ്പോൾ ഡ്രെയിനേജ് കിണറിന്റെ ഭാഗങ്ങൾ കണ്ടാൽ സ്വീവേജ് അതോറിട്ടിയുടെ അനുവാദമില്ലാതെ നിർമ്മാണം മുന്നോട്ടു കൊണ്ടു പോകുവാൻ സാധിക്കില്ല. അതിനാൽ അത്രയും ഭാഗം കുഴിയായി നിലനിറുത്തി നിർമ്മാണം തുടരുകയാണ് ചെയ്യുന്നത്. ഈ കുഴികൾ വീടുകൾക്കു മുന്നിലായതാണ് പ്രദേശവാസികളുടെ സഞ്ചാരത്തെ ബാധിച്ചത്. ഇത് കൂടാതെ റോഡരികിലെ കുഴികൾ വാഹന ഗതാഗതം കൂടുതലുള്ള സ്ഥലത്ത് അപകടം വിളിച്ചു വരുത്തുവാൻ കാരണമാകുന്നതായി പരാതിയുണ്ട്. കുരിയാത്തി സ്വീവേജിൽ വീട്ടുകാർ വ്യക്തിപരമായി പരാതി നൽകിയിട്ടും അധികാരികൾ ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നുംആക്ഷേപമുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടപ്പോൾ എക്സിക്യൂട്ടീവ് എൻജിനിയർ സ്ഥലത്തില്ലാത്തതിനാൽ തീരുമാനം എടുക്കുന്നതിന് കല താമസമുണ്ടാവും എന്ന മറുപടിയാണ് ലഭിച്ചതെന് ജഗതി കൗൺസിലർ ഷീജ മധു പറഞ്ഞു.