crime

കണ്ണൂർ: ആറ് വർഷം മുമ്പ് ഒക്ടോബർ 21ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ബി.ജെ.പി പ്രവർത്തകൻ മമ്പറം മൈലുള്ളിമൊട്ടയിൽ നിഷാദിനെ കൊലപ്പെടുത്തിയതാണെന്ന് ബംഗളൂരു സ്ഫോടന കേസിൽ പിടിയിലായ പറമ്പായി സലീമിന്റെ വെളിപ്പെടുത്തൽ. പണം വാങ്ങിയാണ് കൃത്യം നടത്തിയതെന്നും ഇയാൾ ബംഗളൂരു പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നാണ് അറിയുന്നത്. ഇതേ തുടർന്ന് കേസ് നിർണായക വഴിത്തിരിവിലായി.

2012ൽ പറമ്പായി സ്വദേശി നിഷാദിനെ (32) 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ വാങ്ങി വധിച്ചെന്നാണ് മൊഴി.

മമ്പറത്ത് നിന്ന് കണ്ണൂർ പൊലീസിന്റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സലീം പിടിയിലാകുന്നത്. ബംഗളൂരു പൊലീസ് സലീമിനെ ചോദ്യം ചെയ്തുവരികയായിരുന്നു. സംഘത്തിൽ കേരള പൊലീസിലെ ക്രൈംബ്രാഞ്ച് സി.ഐ സനലും ഉണ്ട്. സ്ഫോടനം കഴിഞ്ഞ് ഒൻപത് വർഷമായി ഇയാൾ മുങ്ങി നടക്കുകയായിരുന്നു.

നിഷാദ് രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. തുടർന്ന് നിഷാദിന്റെ ഫോണിലേക്ക് അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ വരികയും ചെയ്തു. ഉടൻ ഭക്ഷണം മതിയാക്കി കൈകഴുകി പുറത്തേക്ക് പോയി. അമ്മ പേടിക്കേണ്ട. ഉടൻ തിരിച്ച് വരാമെന്ന് പറഞ്ഞാണ് നിഷാദ് പുറത്തേക്ക് പോയത്.

ആദ്യം ലോക്കൽ പൊലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും യുവാവിനെ കണ്ടെത്താൻ അന്വേഷണം നടത്തിയെങ്കിലും പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.

ഇതിനകം കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ധർമ്മടം നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കർമ്മസമിതി കൺവീനറുമായ എ.അനിൽകുമാർ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകിയിരുന്നു. സലീമിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇയാളെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാനും തെളിവെടുക്കാനുമുള്ള തയ്യാറെടുപ്പിലാണ് കേരളാ പൊലീസ്.